രഹസ്യ ആവശ്യ൦ നിരസിച്ച് എന്‍സിപി; ആദിത്യ താക്കറേയ്‌ക്കെതിരെ ദളിത് നേതാവ്!!

ശിവസേനയുടെ രഹസ്യ ആവശ്യം നിരസിച്ച് എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യം. 

Sheeba George | Updated: Oct 5, 2019, 07:34 PM IST
രഹസ്യ ആവശ്യ൦ നിരസിച്ച് എന്‍സിപി; ആദിത്യ താക്കറേയ്‌ക്കെതിരെ ദളിത് നേതാവ്!!

മുംബൈ: ശിവസേനയുടെ രഹസ്യ ആവശ്യം നിരസിച്ച് എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യം. 

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറേയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറേയ്ക്ക് എതിരേ ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെ സഖ്യം  കളത്തിലിറക്കിയിരിക്കുകയാണ്. ആദിത്യ താക്കറേയ്ക്ക് വാക്കോവര്‍ നല്‍കേണ്ടില്ലെന്ന തീരുമാന൦ തന്നെയാണ് ഇതിന്‌ പിന്നില്‍.

സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവും മുന്‍ ബിഎസ്പി അദ്ധ്യക്ഷനുമായ സുരേഷ് മാനേയെയാണ് ആദിത്യ താക്കേറെയ്‌ക്കെതിരെ വര്‍ളി സീറ്റില്‍ മത്സരിപ്പിക്കാന്‍ സഖ്യ൦ തീരുമാനിചിരിക്കുന്നത്‌.

എന്‍സിപിയ്ക്കാണ് വര്‍ളി സീറ്റ് സഖ്യം നല്‍കിയിരുന്നത്. കൂടാതെ, ആദിത്യ താക്കറേയ്‌ക്കെതിരെ എന്‍സിപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കരുത് എന്ന് ശിവസേന പാര്‍ട്ടി നേതൃത്വത്തോട് രഹസ്യമായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. അതായത്, ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലേ മത്സരത്തിനിറങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ശിവസേന മത്സരിപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. എന്നാല്‍ ഈ ആവശ്യം എന്‍സിപി തള്ളിക്കളയുകയും സുരേഷ് മാനേയെ മത്സരിപ്പിക്കാന്‍ സഖ്യം തീരുമാനിക്കുകയുമായിരുന്നു.

ബിഎസ്പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുരേഷ് മാനെ. തെന്നിന്ത്യയുടെ ചുമതലയായിരുന്നു സുരേഷ് മാനേയ്ക്ക് ബിഎസ്പി നല്‍കിയിരുന്നത്. 2015ലായിരുന്നു സുരേഷ് മാനേ ബിഎസ്പിയില്‍ നിന്ന് പുറത്താവുന്നത്. മണ്ഡലത്തിലെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് സുരേഷ് മാനേ.

അതേസമയം, താക്കറേ കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആ സ്ഥാനാര്‍ഥിയാണ് ആദിത്യ താക്കറേ. അതിനാല്‍, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആദിത്യ താക്കറേയെ വിജയിപ്പിക്കണമെന്നായിരുന്നു ശിവസേനയുടെ ആഗ്രഹം. എന്നാല്‍, പ്രതിപക്ഷം ശക്തനായ ദളിത്‌ നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് ഭൂരിപക്ഷ൦ കുറയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.