"മഹാ നാടകം": ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍!!

മഹാരാഷ്ട്രയില്‍ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങളെന്ന് വാദി ഭാഗം അഭിഭാഷകര്‍ കോടതിയില്‍!!

Last Updated : Nov 24, 2019, 12:18 PM IST
    1. മഹാരാഷ്ട്രയില്‍ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങളെന്ന് വാദി ഭാഗം അഭിഭാഷകര്‍ കോടതിയില്
    2. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്
    3. ബിജെപിയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നത് വെറും ഊഹാപോഹം മാത്ര൦
"മഹാ നാടകം": ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍!!

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങളെന്ന് വാദി ഭാഗം അഭിഭാഷകര്‍ കോടതിയില്‍!!

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ശിവസേനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരായിരിക്കുന്നത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചായിരുന്നു കപില്‍ സിബല്‍ വാദം ആരംഭിച്ചത്. 

നിരവധി വസ്തുതകളാണ് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വിശ്വാസ പ്രമേയം ഇന്നു തന്നെ വോട്ടിനിടണമെന്നാണ് കബില്‍ സിബല്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ശിവസേനയുമായുള്ള സഖ്യം ഒരു പൊതുമിനിമം പരിപാടിയുടെ ഭാഗമായിട്ടാണെന്നും കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കൂടാതെ, ബിജെപിയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നത് വെറും ഊഹാപോഹം മാത്രമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഭൂരിപക്ഷം വ്യക്തമാക്കുന്ന യാതൊരു രേഖയും ഹാജരാക്കിയിട്ടില്ല, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും ശിവസേനയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.  ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍. 

Also Read: "മഹാ നാടകം" സുപ്രീംകോടതിയിലേയ്ക്ക്; ഉറ്റു നോക്കി രാജ്യം...

ദേവേന്ദ്ര ഫഡ്‌നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, എന്‍.സി.പി തങ്ങളുടെ എം.എല്‍.എമാരെ തിരികെയെത്തിക്കുകയാണ്. 54ല്‍ 49 എം.എല്‍.എമാരും തങ്ങളുടെ കൂടെയാണെന്ന് എന്‍.സി.പി അറിയിച്ചു. കൂടാതെ, നിയമസഭ കക്ഷി നേതാവിനെ എന്‍സിപി മാറ്റി. ജയകാന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്. ഇതോടെ അജിത് പവാറിന് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം നഷ്ടപ്പെട്ടു.

Also Read: സുപ്രീംകോടതി വിധി അംഗീകരിക്കും!!

എന്നാല്‍, കുതിരകച്ചവടം ഭയന്ന് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നീ മൂന്ന് പാര്‍ട്ടികളും തങ്ങളുടെ  എം.എല്‍.എമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി!!

Trending News