വിവേക് ഒബ്റോയ്ക്ക് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍റെ നോട്ടിസ്!!

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയമാണ് കാണിക്കുന്നത്. 

Last Updated : May 20, 2019, 07:15 PM IST
വിവേക് ഒബ്റോയ്ക്ക് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍റെ നോട്ടിസ്!!

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയമാണ് കാണിക്കുന്നത്. 

എന്നാല്‍, എക്സിറ്റ് പോള്‍ അടിസ്ഥാനമാക്കി നടന്‍ വിവേക് ഒബ്റോയ് നടത്തിയ ട്വീറ്റ് ആണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന "പിഎം നരേന്ദ്രമോദി" എന്ന സിനിമയില്‍ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനും ബിജെപി അനുഭാവിയുമായ വിവേക് ഒബ്റോയ്ക്ക് ഈ വിഷയത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുകയാണ്.

ഐശ്വര്യ റായിയെയും ഒപ്പം അവരുടെ മകളെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു വിവേക് ഒബ്റോയ് നടത്തിയ ട്വീറ്റ്. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വിജയ രഹത്കര്‍ ആണ് നടന് നോട്ടീസ് അയച്ചിരിക്കുന്നത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയ് പങ്കുവച്ചത്. 

അതേസമയം, നടന്‍ നടത്തിയ ട്വീറ്റ് വിമര്‍ശനമാണ് നേരിടുന്നത്. ആരാധകരും ബോളിവുഡും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്തു.

സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയൻ പോൾ' എന്നാണ് മീമിൽ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സൽമാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്രോയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്സിറ്റ് പോൾ' എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ​ദമ്പതികളുടെ ചിത്രത്തില്‍ 'തിരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്. 

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍, എല്ലാ കഥാപാത്രങ്ങളുടെയും ജീവിതങ്ങള്‍ പുതിയ തലത്തിലേയ്ക്ക് കടന്നതോടെ പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല എന്നത് വാസ്തവം തന്നെ. ആ സാഹചര്യത്തില്‍ ട്വീറ്റ് വിവേകിന് വിനയായി മാറുകയാണ്...

 

Trending News