close

News WrapGet Handpicked Stories from our editors directly to your mailbox

'ചോര്‍' എന്ന് വിളിക്കുന്നവര്‍ നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ...

ക്രിസ് ഗെയിലിനൊപ്പമുള്ള ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ വസ്തുത കൂടി പരിശോധിക്കണം എന്നാണ് മല്യ പറയുന്നത്.

Sneha Aniyan | Updated: Jul 14, 2019, 03:10 PM IST
'ചോര്‍' എന്ന് വിളിക്കുന്നവര്‍ നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ...

വെസ്റ്റ്‌ ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

9,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഗെയില്‍ പങ്കുവച്ചിരിക്കുന്നത്. 

ഐപിഎല്ലില്‍ ഗെയില്‍ ഭാഗമായിരുന്ന റോയല്‍ ചലഞ്ചെഴ്സ് ബാംഗ്ലൂരിന്‍റെ ഉടമയായിരുന്നു മല്യ. ബിഗ്‌ ബോസിനെ കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഗെയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചിത്രം വൈറലായതോടെ നിരവധി ട്രോളുകളും മീമുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. രാജ്യ സ്നേഹമുള്ള മല്യ ഇന്ത്യക്കാരെ മാത്രമേ പറ്റിക്കൂവെന്നും മല്യ ഭയക്കേണ്ടതില്ലെന്നുമാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

എന്നാല്‍, ട്രോളുകള്‍ കനത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്യ. തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മല്യ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ക്രിസ് ഗെയിലിനൊപ്പമുള്ള ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ വസ്തുത കൂടി പരിശോധിക്കണം എന്നാണ് മല്യ പറയുന്നത്. 

വായ്പയുടെ നൂറ് ശതമാനവും തിരിച്ചടയ്ക്കാം എന്ന് പറഞ്ഞിട്ടും എന്തുക്കൊണ്ടാണ് അത് സ്വീകരിക്കാത്തത് എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ എന്നാണ് മല്യ പറയുന്നത്. 

വസ്തുതകള്‍ മനസിലാക്കിയ ശേഷം ആരാണ് കള്ളനെന്ന് തീരുമാനിക്കൂ എന്നും ട്വീറ്റില്‍ പറയുന്നു. 2016 മാര്‍ച്ചില്‍ നാടുവിട്ട മല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.

മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്.