ഡല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി മരിച്ചു!

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. 

Last Updated : Mar 31, 2020, 12:39 PM IST
 ഡല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി മരിച്ചു!

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. 

പത്തനംതിട്ട അമീറായ ഡോ. എം സലീമാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ മരിച്ചത്. എന്നാല്‍, കൊറോണ വൈറസ് ബാധിച്ചാണോ ഇദ്ദേഹം മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹൃദ്രോഹവും മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇയാള്‍ക്കൊപ്പം മത സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പത്തനതിട്ട സ്വദേശികള്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. 

ചടങ്ങില്‍ പങ്കെടുത്ത മറ്റ് ആറു പേര്‍ പത്തനംതിട്ടയില്‍ തിരികെയെത്തിയിരുന്നു. എന്നാല്‍, നിരീക്ഷണത്തിലുള്ള ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. അതേസമയം, ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

 നിസാമുദ്ദിനിലെ മാര്‍കാസില്‍ നടന്ന മതപരമായ ചടങ്ങില്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 

മാർച്ച് 13 മുതൽ 15 വരെ ഡല്‍ഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ മർകാസിൽ നടന്ന മതപരമായ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ചിലരിലാണ് കൊറോണ വൈറസ് പടർന്നതെന്നും ചടങ്ങില്‍ പങ്കെടുത്തവരില്‍ തെലങ്കാന സ്വദേശികള്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 
 
ഇവരില്‍ രണ്ട് പേര്‍ ഗാന്ധി ഹോസ്പിറ്റലിലും ഒരാള്‍ നിസാമബാദ് ആശുപത്രിയിലും മറ്റൊരാള്‍ ഗദ്വാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍, ഇവര്‍ മരിച്ച സമയമോ തീയതിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല.

നിസാമുദ്ദിന്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട പരിശോധനകള്‍ നടത്തി കൊറോണ ബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പടെ ഏകദേശം 2000ലധികം ആളുകളാണ്  നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്തത്.

കൊറോണ ഭീതിയെ തുടര്‍ന്ന് ചടങ്ങ് നടന്ന പ്രദേശം മുഴുവന്‍ ഡല്‍ഹി സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. അധികാരികളുടെ അനുമതിയില്ലാതെയാണ് സ്ഥലത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. സംഭവത്തില്‍ മര്‍ക്കാസ് മൗലാനയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

More Stories

Trending News