)
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവൾ ബ്രിസ്റ്റി മുഖർജിയെ ബിർഭൂമിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റാംപൂർഹട്ടിലെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് 31 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മമതാ ബാനർജിയുടെ അമ്മാവൻ അനിൽ മുഖോപാദ്ധ്യായയുടെ മകൻ നിഹാർ മുഖോപാദ്ധ്യായയുടെ മകളാണ് ആത്മഹത്യ ചെയ്ത ബ്രിസ്റ്റി. കഴിഞ്ഞ അഞ്ച് ആറ് വർഷമായി യുവതി മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും തങ്ങൾ കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സ നൽകിയിരുന്നുവെന്നും ബ്രിസ്റ്റിയുടെ പിതാവ് നിഹാർ മുഖോപാദ്ധ്യായ പറഞ്ഞു. സംഭവസമയത്ത് കുടുംബം വീടിന്റെ താഴത്തെ നിലയിലായിരുന്നു.
സർക്കാർ സ്കൂളുകളിലെ പ്രൈമറി അധ്യാപകരുടെയും ഗ്രൂപ്പ് സി ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരിൽ ബ്രിസ്റ്റി മുഖോപാദ്ധ്യായ വിവാദങ്ങളിൽപ്പെട്ടിരുന്നു. ക്രമക്കേടുകളിലൂടെയാണ് അവർ ജോലി നേടിയതെന്നായിരുന്നു ആരോപണം. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വെസ്റ്റ് ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മീഷൻ പുറത്തുവിട്ട ജോലി റദ്ദാക്കപ്പെട്ടവരുടെ പട്ടികയിൽ 608-ാം നമ്പരായി ബ്രിസ്റ്റിയുടെ പേരും ഉണ്ടായിരുന്നു. എങ്കിലും, ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ജോലി രാജി വെച്ചിരുന്നു.
ഇതിനുപുറമെ, ഭർത്താവുമായി വിവാഹമോചന കേസ് നടന്നു വരികയായിരുന്നു. ദമ്പതിമാർക്ക് 12 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. കുടുംബപരമായ പ്രശ്നങ്ങളാണോ വ്യക്തിപരമായ കാരണങ്ങളോ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണം നടത്തുകയാണ്. ഇവരുടെ വീടിന്റെ സമീപത്തുള്ള കുസുംബ ഗ്രാമത്തിലാണ് മമതാ ബാനർജിയുടെ അമ്മയുടെ വീട് സ്ഥിതി ചെയ്യുന്നത്.