"മമതാ ദീദി നിങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചു കഴിഞ്ഞു..." അമിത് ഷാ

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Updated: May 15, 2019, 02:10 PM IST
"മമതാ ദീദി നിങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചു കഴിഞ്ഞു..." അമിത് ഷാ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച്‌ വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് നോക്കി നിന്നെന്നും മറ്റൊരിടത്തും ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ അക്രമം ഉണ്ടാകുമെന്ന വിവരം ഉണ്ടായിരുന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണ്,  സഹാനുഭൂതി നേടാനാണ് അവര്‍ ഇപ്രകാരം ചെയ്തത്, അമിത് ഷാ പറഞ്ഞു 

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും നിക്ഷ്പക്ഷ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കൊല്‍ക്കത്തയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ൦ നടന്നിരുന്നു. സംഘര്‍ഷത്തില്‍ 100 ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ നവോത്ഥാന നായകനായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂലിന്‍റെ ആരോപണം. കൂടാതെ, അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.

അമിത് ഷായുടെ പത്രസമ്മേളനത്തിലെ പ്രധാന കാര്യങ്ങള്‍:

* ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300ൽ അധികം സീറ്റുകൾ നേടും. പശ്ചിമബംഗാളിൽ 23 സീറ്റുകളിൽ ബിജെപി വിജയിക്കും. 

*  മമതാ ദീദിയുടെ പരാതിയില്‍ ഭയമില്ല. 

* മമതാ ദീദി എത്രമാത്രം അക്രമം അഴിച്ചുവിടുന്നോ, അത്രയും ശക്തമായി താമര വിരിയും

* നിഷ്പക്ഷ തിരഞ്ഞെടുപ്പിന് ഗുണ്ടകളെ അകറ്റി നിര്‍ത്തേണ്ടത് ആവശ്യമാണ്, എന്നാല്‍ പശ്ചിമ ബംഗാളില്‍ അത് സംഭവിക്കുന്നില്ല

* ബംഗാളില്‍ മാത്രമായി 60 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

* ഇങ്ങനെ തിരഞ്ഞെടുപ്പ് നടന്നാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

* ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെറും നോക്കുകുത്തി

* തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കൗണ്ട്  ഡൗൺ ആരംഭിച്ചു കഴിഞ്ഞു. 

* ബംഗാളിലെ അക്രമങ്ങള്‍ക്ക് കാരണം തൃണമൂല്‍ ആണ്. അല്ലെങ്കില്‍ ബിജെപി മത്സരിക്കുന്ന എല്ലാ സംസ്ഥാനത്തും അക്രമ സംഭവങ്ങള്‍ ഉണ്ടാവണം.

* തൃണമൂല്‍ വെറും 42 സീറ്റിലാണ്‌ മത്സരിക്കുന്നത്. ബിജെപി രാജ്യത്താകമാനം മത്സരിക്കുന്നുണ്ട്. 

* ഇന്നലെ റോഡ്‌ ഷോയ്ക്ക് മുന്‍പായി പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു. പൊലീസ് വെറും നോക്കുകുത്തിയായിരുന്നു. പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞിരുന്നു