ജനാധിപത്യം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് പരിഷ്കരണം അനിവാര്യം: മമത ബാനര്‍ജി

ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

Last Updated : Jul 21, 2019, 06:46 PM IST
ജനാധിപത്യം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് പരിഷ്കരണം അനിവാര്യം: മമത ബാനര്‍ജി

കൊല്‍ക്കത്ത: ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

കൂടാതെ, കുതിര കച്ചവടത്തിന് ബിജെപി ബംഗാളില്‍ ശ്രമിക്കുന്നുവെന്നും രണ്ടു കോടി രൂപയും പെട്രോള്‍ പമ്പും നല്‍കിയാണ് തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിക്കുന്നതെന്നും രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച്‌ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. രാജ്യത്താകമാനം ബിജെപിയുടെ കുതിരക്കച്ചവടം വ്യാപിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നത്‌ തടയണം. ഇലക്‌ട്രോണിക് വോട്ടി൦ഗ് യന്ത്രങ്ങള്‍ (ഇ.വി.എം)ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നേരത്തെ വോട്ടി൦ഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് അവര്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി. ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നു. പിന്നെ എന്തുകൊണ്ട് നമുക്ക് ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നുകൂടാ? 
തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്ന് 1995 മുതല്‍ താന്‍ ആവശ്യം ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പ് പരിഷ്കരണം അത്യാവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്നും കൊല്‍ക്കത്തയിലെ റാലിക്ക് മുന്നോടിയായി അവര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് കോടികളാണ് ഒഴുകിയതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. 

തൃണമൂല്‍ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി ഫണ്ട് കേസില്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ബിജെപിയുടെ ഭീഷണി. ബിജെപിക്കെതിരെ ജൂലൈ 26 മുതല്‍ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മമത പറഞ്ഞു. 

വാഗ്ദാനം ചെയ്ത കള്ളപ്പണം എവിടെ എന്ന ബാനറിലാകും പ്രക്ഷോഭം. 15 ലക്ഷം എല്ലാ വോട്ടര്‍മര്‍ക്കും തരുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. അത് ആദ്യം ജനങ്ങള്‍ക്ക് നല്‍കൂ. എന്നിട്ടാകാം തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആരോപണ൦ ഉന്നയിക്കുന്നതെന്നും മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ വിശ്വാസമുള്ളവര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കലാപങ്ങള്‍ ഉണ്ടാക്കരുതെന്നും മമത ബാനര്‍ജി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു മുസ്ലിം വോട്ടര്‍മാരോടായി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മമത സംസാരം തുടങ്ങിയത്.

 

Trending News