ഉള്ളി വില കുറച്ച് വിറ്റു; നേതാവിന്‍റെ വിരല്‍ കടിച്ചുതിന്ന് യുവാവ്!

ഇന്നലെ നൈനിറ്റാളിലായിരുന്നു സംഭവം നടന്നത്. അവിടെ ഉള്ളി വിറ്റ് പ്രതിഷേധിക്കവെയായിരുന്നു സംഭവം നടന്നത്.   

Ajitha Kumari | Updated: Dec 7, 2019, 01:53 PM IST
ഉള്ളി വില കുറച്ച് വിറ്റു; നേതാവിന്‍റെ വിരല്‍ കടിച്ചുതിന്ന് യുവാവ്!

ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ്‌ നേതാവിന്‍റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുതിന്നതായി പരാതി.

ഇന്നലെ നൈനിറ്റാളിലായിരുന്നു സംഭവം നടന്നത്. അവിടെ ഉള്ളി വിറ്റ് പ്രതിഷേധിക്കവെയായിരുന്നു സംഭവം നടന്നത്. 

തന്‍റെ വിരല്‍ കടിച്ചെടുത്തത് ഒരു ബിജെപി അനുഭാവിയാണെന്നാണ് കോണ്‍ഗ്രസ്‌ നേതാവിന്‍റെ ആരോപണമെങ്കിലും പ്രതിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന്‍ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ച മനീഷ് ബിഷത് എന്നയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയ്ക്കാണ് തന്‍റെ വിരല്‍ പോയിക്കിട്ടിയത്. 

ബിഷതിനെ പിടിച്ചുമാറ്റാന്‍ കോണ്‍ഗ്രസ്‌ നേതാവ് ശ്രമിക്കുന്നതിനിടെ ബിഷത് നേതാവിന്‍റെ വിരലിന്‍റെ അഗ്രം കടിച്ചുമുറിക്കുകയും തുടര്‍ന്ന്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. അതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ചുവരുത്തുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

ശേഷം പൊലീസ് എത്തിയാണ് അക്രമിയെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ ബിഷത് വനിതാ പാര്‍ട്ടി അംഗങ്ങളോട് മോശമായി പെരുമാറിയെന്ന്‍ കോണ്‍ഗ്രസ് സേവാദള്‍ വൈസ് പ്രസിഡന്റ് രമേഷ് ഗോസ്വാമി പറഞ്ഞു. 

ആ സമയം ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ വിരല്‍ ഇയാള്‍ കടിച്ചെടുക്കുകയായിരുന്നു. 

കിലോയ്ക്ക് 30 രൂപ നിരക്കിലാണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഉള്ളി വില്‍പ്പന നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിഷ്തിനെ അക്രമിക്കുന്ന വീഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവ സമയം ബിഷത് ഒന്നുകില്‍ മദ്യപിച്ചിരിന്നിരിക്കണം അല്ലെങ്കിൽ മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരിക്കണമെന്നാണ് ഹൽദ്വാനി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിക്രം റാത്തോഡ് പറഞ്ഞത്.

പ്രതിയായ മനീഷിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രദീപ് ബിഷത് പറഞ്ഞു.