മെഡിക്കൽ വിദ്യാഭ്യാസ രംഗം സർവത്ര അഴിമതിയില്‍; കൗണ്‍സിലിൽ കരിങ്കാലികൾ: സുപ്രീം കോടതി

കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശന അനുമതി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

Updated: Sep 12, 2018, 03:28 PM IST
മെഡിക്കൽ വിദ്യാഭ്യാസ രംഗം സർവത്ര അഴിമതിയില്‍; കൗണ്‍സിലിൽ കരിങ്കാലികൾ: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗം സർവത്ര അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും തങ്ങൾ നിസ്സഹായരെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച്. 

വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നു നിരീക്ഷിച്ച സുപ്രീം കോടതി, തലവരിപ്പണം യാഥാർഥ്യമാണെന്നും പറഞ്ഞു.

വിദ്യാഭ്യാസത്തിനായി പലിശയ്ക്ക് വായ്‌പ നൽകാൻ ബാങ്കുകൾ തയ്യാറാണ്. എന്നാൽ പാവപ്പെട്ടവർക്ക് ഇത് അപ്രാപ്യമാണ്.

മെഡിക്കൽ കൗണ്‍സിലിന്‍റെ പ്രവർത്തനത്തില്‍ പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി, കൗണ്‍സിലിൽ ചില കരിങ്കാലികൾ ഉണ്ടെന്നും ഇപ്പോള്‍ അത് പരസ്യമാക്കുന്നില്ലെന്നും സൂചിപ്പിച്ചു. 

കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശന അനുമതി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

എസ്.ആര്‍ മെഡിക്കല്‍ കോളേജ്, പി. കെ ദാസ് മെഡിക്കല്‍ കോളേജ്, ഡി. എം മെഡിക്കല്‍ കോളേജ്, അല്‍ അസര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് പുതിയ നിർദ്ദേശവും സുപ്രീം കോടതി നല്‍കി.

ഈ കോളേജുകളിലെ സൗകര്യങ്ങൾ ഉടനടി പരിശോധിക്കാൻ മെഡിക്കൽ കൗണ്‍സില്‍ സമിതിയോട് ആവശ്യപ്പെട്ടുകൂടെയെന്നും കോടതി ആരാഞ്ഞു.

എന്നാല്‍ മെഡിക്കൽ കൗണ്‍സില്‍ ഇതിനോട് വിയോജിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.