മേഘാലയ: കല്‍ക്കരി ഖനിയിലകപ്പെട്ടവര്‍ മരിച്ചതായി സര്‍ക്കാര്‍

Last Updated : Jan 9, 2019, 03:57 PM IST
മേഘാലയ: കല്‍ക്കരി ഖനിയിലകപ്പെട്ടവര്‍ മരിച്ചതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.  

കല്‍ക്കരി ഖനിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളും മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൂടാതെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായമാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍.ഡി.ആര്‍.എഫിനെ സമീപിച്ചു. 

കഴിഞ്ഞ മാസം 13നാണ് സംഭവം നടക്കുന്നത്. ഖനിയുടെ സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കിഴക്കന്‍ ജയന്തിയ ഹില്‍സിലുള്ള ഈ കല്‍ക്കരി ഖനി അനധികൃതമാണ്. 2004-ല്‍ ഈ ഖനിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

എന്നാല്‍ അപകടം നടന്ന് 24 ദിവസത്തിന് ശേഷമാണ് വെള്ളം വറ്റിക്കാനുള്ള നടപടികള്‍ ശക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അലംഭാവം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അടിയന്തിര സഹായം വിദേശത്തെത്തിച്ച കിര്‍ലോസ്കര്‍ സ്വന്തം മണ്ണില്‍ സഹായമെത്തിക്കാന്‍ വൈകിയത് വിമര്‍ശനം നേടിയിരുന്നു. കൂടാതെ, സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ സഹായം സമയോചിതമായി പ്രദാനം ചെയ്യുന്നതില്‍ കേന്ദ്രം അലംഭാവം കാട്ടിയതായി ഷില്ലോങ്ങ് കോൺഗ്രസ് എംപി വിൻസെന്‍റ് എച്ച്. പാലാ പറഞ്ഞിരുന്നു. 

കൂടാതെ ഈ വിഷയത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. കല്‍ക്കരി ഖനിയിലകപ്പെട്ട തൊഴിലാളികളെ എത്രയും പെട്ടെന്ന് പുറത്തെടുക്കണം, രക്ഷാപ്രവര്‍ത്തനത്തില്‍ തൃപതരല്ല. അവര്‍ മരിച്ചു എന്നതല്ല, ജീവനോടെയുള്ളവരുണ്ടെങ്കില്‍ അവരെ രക്ഷിക്കുകയാണ് വേണ്ടത് എന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, 15 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിട്ട് ഏകദേശം മൂന്നാഴ്ച പിന്നിട്ടശേഷം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദേശീയ ദുരന്തനിവാരണ സേന (എന്‍ ഡി ആര്‍ എഫ്)യിലെ മുങ്ങല്‍ വിദഗ്ധര്‍ ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചിരുന്നു. മൃതശരീരം അഴുകിയതിന്‍റെ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്ന് മുങ്ങല്‍ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Trending News