ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  

Updated: Jul 12, 2018, 03:37 PM IST
ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരൂ: ബംഗളൂരൂവില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.  328 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നില്‍ 162 ഉം മറ്റേതില്‍ 166 ഉം യാത്രക്കാരുമായിരുന്നു.  

ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ലഭിച്ച സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനമായ 6E779 ഉം ബംഗളൂരൂ-കൊച്ചി വിമാനമായ 6E6505 ഉം ആറു കിലോമീറ്ററോളം ദൂരെ മുഖാമുഖം വരികയായിരുന്നു. എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പെട്ടെന്നുള്ള മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണ് വന്‍ അപകടം ഒഴിവായത്. എയര്‍ ട്രാഫിക്‌ കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റത്തിന്‍റെസഹായത്തോടെയാണ് ഇരു വിമാനങ്ങളിലും മുന്നറിയിപ്പ് ലഭ്യമായത്.    

രണ്ട് ദിശകളിലേയ്ക്ക് പോകുന്ന വിമാനങ്ങള്‍ ഒരേ സമയം അടുത്തടുത്ത് വരികയായിരുന്നു. സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.  സംഭവം ഇന്‍ഡിഗോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക്‌ കൊളിഷന്‍ അവോയിഡന്‍സ് സിസ്റ്റത്തില്‍ നിന്നും അലാറം മുഴങ്ങിയതാണ് രക്ഷപ്പെടാന്‍ കാരണം.  

രണ്ട് വിമാനങ്ങളിലെയും കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേതുടര്‍ന്ന് പൈലറ്റുമാര്‍ ഇടപെട്ട് കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 6.43 കിലോമീറ്റര്‍ എന്ന് പറയുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണെന്നും, വ്യോമായാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.