തമിഴിനെയും തമിഴരെയും പുകഴ്ത്തി മോദി!!

തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നുമാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Last Updated : Oct 21, 2019, 12:21 PM IST
തമിഴിനെയും തമിഴരെയും പുകഴ്ത്തി മോദി!!

ന്യൂഡല്‍ഹി: തമിഴിനെയും തമിഴരെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി!!

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തമിഴിനെ കുറിച്ചും തമിഴരെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചിരിക്കുന്നത്. 

തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നുമാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഊര്‍ജസ്വലമായ ഒരു സംസ്‌കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയില്‍ ആത്മപ്രകാശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചക്ക് മഹാബലിപുരത്തെത്തിയപ്പോള്‍ രചിച്ച കവിത മോദി നേരത്തെ പങ്കുവച്ചിരുന്നു. 

 

 

'സാഗരമേ നിനക്കെന്‍റെ സ്നേഹവന്ദനം' എന്ന് തുടങ്ങുന്ന കവിതയുടെ തമിഴ് വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവര്‍ത്തനത്തിന്റെ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എട്ട് പാരഗ്രാഫുകളായി തിരിച്ചിരിക്കുന്ന കവിതയില്‍ സമുദ്രവും സൂര്യനും തമ്മിലുള്ള ബന്ധമാണ് വിഷയമാക്കിയിരിക്കുന്നത്.

 പ്രഭാത സവാരിക്ക് മഹാബലിപുരം ബീച്ചില്‍ എത്തിയ താന്‍ സമുദ്രത്തിന്റെ മനോഹാരിതയില്‍ മുഴുകിയിരുന്നെന്നും ഇത് ഒരു കവിതയിലൂടെ ജനങ്ങളുമായി പങ്കുവക്കുമെന്നും മോദി പറഞ്ഞിരുന്നു.

തമിഴ് നടന്‍ വിവേക്, സിനിമാ നിര്‍മാതാവ് ധനഞ്ജയന്‍ തുടങ്ങി നിരവധിയാളുകളാണ് കവിതയുടെ തമിഴ്പരിഭാഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. 

ഇതില്‍ ധനഞ്ജയന്‍റെ അഭിനന്ദനത്തിനുള്ള മറുപടിയായാണ് മോദി തമിഴിനെയും തമിഴരെയും പ്രശംസിച്ചത്.

Trending News