ഇന്ത്യന്‍ താരങ്ങളോട് മോദിയുടെ 'തിരഞ്ഞെടുപ്പ്' അഭ്യര്‍ത്ഥന!!

ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ കായിക താരങ്ങളോടുമുണ്ട് മോദിയ്ക്ക് അഭ്യര്‍ത്ഥന.  

Updated: Mar 14, 2019, 07:39 PM IST
ഇന്ത്യന്‍ താരങ്ങളോട് മോദിയുടെ 'തിരഞ്ഞെടുപ്പ്' അഭ്യര്‍ത്ഥന!!

ന്യൂഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സിനിമാ കായിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നാണ് മോദിയുടെ ആവശ്യം. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദിയുടെ അഭ്യര്‍ത്ഥന. അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍, കരണ്‍ ജോഹര്‍, മോഹന്‍ലാല്‍, നാഗാര്‍ജ്ജുന എന്നീ താരങ്ങളെ വിവിധ ട്വീറ്റുകളിലായി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

'വര്‍ഷങ്ങളായി നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോഹന്‍ലാലിനെയും  നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത പോസ്റ്റില്‍ മോദി കുറിച്ചു.

അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'കഭി ഖുഷി കഭി ഗം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ പ്രമുഖ ഡയലോഗില്‍ മാറ്റം വരുത്തിയാണ് മറ്റൊരു പോസ്റ്റ്‌ മോദി പങ്ക് വെച്ചിരിക്കുന്നത്. 

''ഇറ്റ്സ് ഓള്‍ എബൗട്ട്‌ ലവ്വിംഗ് യുവര്‍ ഫാമിലി'' എന്ന ഡയലോഗില്‍ 'ഫാമിലി' എന്ന വാക്കിന് പകരം' ജനാധിപത്യ൦' എന്ന വാക്കാണ്‌ മോദി ഉപയോഗിച്ചിരിക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും, വോട്ടവകാശത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍  നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- തിരുത്തിയ ഡയലോഗിനൊപ്പം അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെ ടാഗ് ചെയ്ത ട്വീറ്റില്‍ മോദി കുറിച്ചു. 

ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ കായിക താരങ്ങളോടുമുണ്ട് മോദിയ്ക്ക് അഭ്യര്‍ത്ഥന.  

' ബാഡ്മിന്‍റണ്‍  കളിയുടെ ആത്മാവ് കോര്‍ട്ടാണ്. അതുപോലെ ജനാധിപത്യത്തിന്‍റെ ആത്മാവ് വോട്ടാണ്. നിങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് പോലെ വോട്ടര്‍മാരെ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ നിങ്ങള്‍ പ്രോഹത്സാഹിപ്പിക്കണം. വോട്ടവകാശത്തെ പറ്റി  ബോധവത്കരണം നടത്താനും യുവജനങ്ങളുടെ വോട്ട് വര്‍ദ്ധിപ്പിക്കാനും നിങ്ങള്‍ സഹകരിക്കണം.' - ബാഡ്മിന്‍റണ്‍ താരങ്ങളായ പിവി സിന്ധു, സൈന നെഹ്വാള്‍, കിടമ്പി ശ്രീകാന്ത് എന്നിവരെ ടാഗ് ചെയ്ത ട്വീറ്റില്‍ മോദി കുറിച്ചു. 

ഇവര്‍ക്ക് പുറമേ, സല്‍മാന്‍ ഖാന്‍,അമീര്‍ ഖാന്‍, ദീപിക പദുകോണ്‍, അനുഷ്ക ശര്‍മ്മ എന്നിവരെയും മോദി ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.