ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകള്‍ ഇന്ന്‍

ഇന്ന് രാവിലെയായിരിക്കും ഉച്ചകോടി. രാവിലെ പത്തുമണിക്ക് തന്നെ ഇരുനേതാക്കളും ചര്‍ച്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.   

Last Updated : Oct 12, 2019, 08:30 AM IST
ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകള്‍ ഇന്ന്‍

ചെന്നൈ:  ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകള്‍ ഇന്ന്‍ നടക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇരുനേതാക്കളും മഹാബലിപുരത്ത് ഇന്നലെ എത്തിയിരുന്നു.

ഇന്ന് രാവിലെയായിരിക്കും ഉച്ചകോടി. രാവിലെ പത്തുമണിക്ക് തന്നെ ഇരുനേതാക്കളും ചര്‍ച്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉച്ചകോടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് മഹാബലിപുരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഉഭയകക്ഷി വ്യാപാരമായിരിക്കും ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാവിഷയം. വ്യപാരകമ്മി, ഭീകരയ്ക്കെതിരായ കൂട്ടായ്മ, ഇന്ത്യയിലെ ചൈനീസ് നിക്ഷേപം, വിവരസാങ്കേതികവിദ്യാ സഹകരണം എന്നിവയും ചര്‍ച്ചയാകും. 

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ഇന്ന്‍ ആതിഥ്യം വഹിക്കുന്നത്. 

ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ജെയ്ച്ചി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഇന്നലെ ചെന്നൈയിലെത്തിയ ഇരു നേതാക്കളും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. തമിഴ് ശൈലിയില്‍ മുണ്ടും ഷര്‍ട്ടും വേഷ്ടിയും ധരിച്ചാണ് മോദി എത്തിയത്. 

പല്ലവരാജവംശത്തിന്‍റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങള്‍ ഒരുമിച്ച് നടന്നുകണ്ടും കരിക്കിന്‍ വെള്ളം കുടിച്ച് കുശലം പറഞ്ഞും ആദ്യദിനം ഇരുനേതാക്കളും ചെലവഴിച്ചു.

പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ, മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്‍റെ വിസ്മയങ്ങള്‍ ഇരുനേതാക്കളും സന്ദര്‍ശിച്ചു. 

വൈകിട്ട് ഇരുനേതാക്കള്‍ക്കുമായി ക്ഷേത്രസമുച്ചയ പരിസരത്ത് കലാവിരുന്നും ഒരുക്കിയിരുന്നു. 

Trending News