ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ പലതും കെട്ടിച്ചമച്ചുണ്ടാക്കിയ സംഭവങ്ങള്‍

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ നിഷേധിച്ച്‌ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. 

Last Updated : Jul 21, 2019, 05:11 PM IST
ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ പലതും കെട്ടിച്ചമച്ചുണ്ടാക്കിയ സംഭവങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ നിഷേധിച്ച്‌ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. 

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മുസ്ലീങ്ങള്‍ ഇപ്പോഴും വിഭജനത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയാണെന്നും പറഞ്ഞു. മുതിര്‍ന്ന എസ്.പി നേതാവ് അസം ഖാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേയ്ക്ക് പോവുകയായിരുന്നുവെങ്കില്‍ ഇത്തരം ശിക്ഷാ നടപടികള്‍ക്ക് അവര്‍ വിധേയമാവില്ലായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പാക്കിസ്ഥാനിലേക്കു പോവാതിരുന്നത്? കാരണം അവര്‍ ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടു. എന്നാലിപ്പോള്‍ അതിന്‍റെ പേരില്‍ മുസ്ലീങ്ങള്‍ ശിക്ഷയേറ്റുവാങ്ങുകയാണ്. ഇത് ഇപ്പോള്‍ സഹിക്കാന്‍ കഴിയാത്തതിലും അപ്പുറമായിരിക്കുന്നു, ഇതായിരുന്നു അസം ഖാന്‍റെ പ്രസ്താവന. 

അതേസമയം, നഖ്‌വിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. നഖ്‌വിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഈ രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ടോ? ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ബിജെപി ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ല. അതേസമയം കുറ്റക്കാരെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് സുര്‍ജേവാല ആരോപിച്ചു.

കഴിഞ്ഞദിവസം ബിഹാറിലെ സരണ്‍ ജില്ലയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച്‌ രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്ലീം യുവാവിനേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം.

 

 

Trending News