ധനസഹായം വേണോ? ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി നിര്‍ബന്ധം!

സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയ നിര്‍മ്മാണം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാരിന്‍റെ ഈ നടപടി.   

Ajitha Kumari | Updated: Oct 11, 2019, 03:03 PM IST
ധനസഹായം വേണോ? ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി നിര്‍ബന്ധം!

ഭോപ്പാല്‍: വരന്‍റെ വീട്ടില്‍ ശൗചാലയം ഉണ്ടെങ്കില്‍ മാത്രമേ ഇനി വിവാഹത്തിന് ധനസഹായം നല്‍കുകയുള്ളൂ!

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുവെങ്കിലും ഇത് സത്യമാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായ പദ്ധതിയിലൂടെ വിവാഹിതരാവുന്ന യുവതികള്‍ക്ക് ധനസഹായം വേണമെങ്കില്‍ വരന്‍ വീട്ടിലെ ശൗചാലയത്തില്‍ നിന്നുമെടുത്ത സെല്‍ഫി ഹാജരാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 

സര്‍ക്കാര്‍ പദ്ധതിയായ 'മുഖ്യമന്ത്രി കന്യാ വിവാഹ്/നിക്കാഹ് യോജ്ന'യിലൂടെ വിവാഹിതരാകുന്നവര്‍ക്കുവേണ്ടിയാണ് ഈ ഉത്തരവ്. 

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി കന്യാ വിവാഹ്/നിക്കാഹ് യോജ്ന.

ഇതിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയ നിര്‍മ്മാണം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാരിന്‍റെ ഈ നടപടി. 

സര്‍ക്കാര്‍ പദ്ധതിയിലൂടെ വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവര്‍ വരന്‍റെ ശൗചാലയത്തിനുള്ളില്‍ നിന്നുമുള്ള സെല്‍ഫിയും രണ്ടു സത്യവാങ്മൂലവും അപേക്ഷയുടെ കൂടെ കൊടുത്താല്‍ മാത്രമേ ധനസഹായമായ 51000 രൂപ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ലൈബ്രറി ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടത്തിയ സമൂഹ വിവാഹത്തില്‍ 77 ജോഡികളാണ് വിവാഹിതരായത്. അപേക്ഷ നല്‍കിയപ്പോള്‍ സെല്‍ഫി നല്‍കണമെന്നാവശ്യപ്പെട്ടുവെന്ന് സമൂഹവിവാഹത്തില്‍ പങ്കെടുത്ത മുഹമ്മദ്‌ യൂസഫ്‌ പറഞ്ഞു. 

സെല്‍ഫി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായും യൂസഫ്‌ പറഞ്ഞു. 

മറ്റൊരു വരനായ മൊഹമ്മദ്‌ സദ്ദാമിന്‍റെ ചോദ്യം അപേക്ഷയ്ക്കൊപ്പം ശൗചാലയത്തിനുമുന്നില്‍ നിന്നുമുള്ള സെല്‍ഫി നല്‍കണമെന്ന് എന്തിനാണ് നിര്‍ബന്ധിക്കുന്നത്‌ എന്നാണ്. 

ഇവിടെ നിന്നും ഒരു ഉദ്യോഗസ്ഥരും ഇത് പരിശോധിക്കാന്‍ വരന്‍റെ വീട്ടിലേയ്ക്ക് വരുന്നില്ല അപ്പോള്‍പ്പിന്നെ ഏതെങ്കിലും ശൗചാലയത്തിന്‍റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്താല്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് സദ്ദാമിന്‍റെ ചോദ്യം. 

അതുകൊണ്ടുതന്നെ ഇതൊരു അനാവശ്യ നടപടിയാണെന്നാണ് സദ്ദാമിന്‍റെ അഭിപ്രായം. ഇങ്ങനെ വിപരീത അഭിപ്രായങ്ങള്‍ ഉണ്ടെകിലും ഇത് സ്വാഗതം ചെയ്യുന്നവരും ഉണ്ട്. 

എല്ലാ വീടുകളിലും ശൗചാലയം ഉണ്ടെന്നുറപ്പ് വരുത്തുന്ന സര്‍ക്കാര്‍ നടപടി നല്ലതാണെന്നാണ് സമൂഹവിവാഹത്തില്‍ വിവാഹിതയായ സോഫിയ പറഞ്ഞത്. 

ഇത് സര്‍ക്കാര്‍ സ്വീകരിച്ച മികച്ച നടപടിയാണെന്നും സോഫിയ അഭിപ്രായപ്പെട്ടു. അതേസമയം ഈ പദ്ധതിപ്രകാരം നിരവധിപേര്‍ക്ക് പണം ലഭിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.