കർഷക ആത്മഹത്യ: വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി

മധ്യപ്രദേശില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ ദേശീയ ശ്രദ്ധ നേടുന്ന അവസരത്തില്‍  വിവാദ പ്രസ്താവനയുമായി സംസ്ഥാന മന്ത്രി ബാലകൃഷണ പാട്ടിദാര്‍ രംഗത്ത്‌.  

Last Updated : Apr 29, 2018, 01:55 PM IST
കർഷക ആത്മഹത്യ: വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ ദേശീയ ശ്രദ്ധ നേടുന്ന അവസരത്തില്‍  വിവാദ പ്രസ്താവനയുമായി സംസ്ഥാന മന്ത്രി ബാലകൃഷണ പാട്ടിദാര്‍ രംഗത്ത്‌.  

"ആരാണ് ആത്മഹത്യ ചെയ്യാത്തതത്? ബിസിനസുകാര്‍ ആത്മഹത്യ ചെയ്യുന്നു, പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു, ഇതൊരു ആഗോള പ്രശ്നമാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തി മാത്രമേ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയുന്നുള്ളൂ, മറ്റുള്ളവര്‍ കഥകള്‍ മെനയുകയാണ്" അദ്ദേഹം അഭിപ്രായപ്പെട്ടു. 

ആത്മഹത്യകൾ ലോകത്താകമാനമുള്ളതാണെന്നും അത് കൃഷിക്കാരില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതിന്‍റെ സാരം. 

അതേസമയം, കേന്ദ്ര കൃഷിമന്ത്രി പുരുഷോത്തം രൂപാല ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശില്‍ കർഷക ആത്മഹത്യയില്‍ 21% വര്‍ദ്ധനവ്‌ ഉണ്ടായതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യകൾക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹിക്കാനെ കഴിയൂ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബാലകൃഷണ പാട്ടിദാര്‍ പറഞ്ഞു.

എങ്കിലും, 2014 നും 2016 നും ഇടയ്ക്കുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് കര്‍ഷക ആത്മഹത്യ കുറഞ്ഞുവരുന്നതായാണ് എന്ന് കേന്ദ്ര കൃഷിമന്ത്രി പുരുഷോത്തം രൂപാല സമര്‍പ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരുന്നു. കര്‍ഷക വായ്പകള്‍ വെട്ടിച്ചുരുക്കുക വഴി കര്‍ഷകര്‍ക്ക് വലിയ ആശ്വാസം ലഭിച്ചിരുന്നു.  

ആത്മഹത്യകൾ ആഗോള പ്രതിഭാസമാണെങ്കിലും, ഇന്ത്യയിലെ കർഷക ആത്മഹത്യകൾ എന്നും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നുതന്നെയാണ്. രാഷ്ട്രീയ പാർട്ടികൾ പരസ്പരം കർഷകരുടെ ആവശ്യങ്ങൾ അവഗണിക്കുന്നെന്ന് ആരോപിക്കുകയാണ് പതിവ്. വോട്ട് നേടുന്നതിനുവേണ്ടി രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പലപ്പോഴും കടലാസില്‍ ഒതുങ്ങുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണാന്‍ കഴിയുന്നത്‌. അക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യത്യസ്തമല്ല എന്നത് ഖേദകരമായ വസ്തുത മാത്രം. 

 

Trending News