അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ല, പുന:പരിശോധന ഹര്‍ജി നല്‍കും-MPLB

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. 

Sneha Aniyan | Updated: Nov 17, 2019, 04:08 PM IST
അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ല, പുന:പരിശോധന ഹര്‍ജി നല്‍കും-MPLB

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. 

മസ്ജിദ് പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ലെന്നും ഇതിന് വേണ്ടി നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. 

കൂടാതെ, അന്തിമ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 

അനന്തര നടപടികള്‍ എന്താവണമെന്ന് ആലോചിക്കാന്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനമായത്.

വൈകുന്നേരം മൂന്നരയ്ക്ക് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 

ഈ കേസില്‍ കക്ഷിയല്ലാത്ത മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസിന്‍റെ ഭാഗമായുള്ള ആറ് കക്ഷികളെ ഉള്‍പ്പെടുത്തിയാകും പുന:പരിശോധന ഹര്‍ജി നല്‍കുക. 

സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. പുനഃപരിശോധനാ ഹര്‍ജി നല്‍കാനില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അയോധ്യ വിഷയം അടഞ്ഞ അധ്യായമാണെന്നും സമാധാനം പുലരണമെന്നാണ് ആഗ്രഹമെന്നും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറുഖി പറഞ്ഞിരുന്നു. 

വിധിയില്‍ നിരാശയോ നഷ്ടബോധമോയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇനി അയോധ്യ വിഷയത്തില്‍ തര്‍ക്കങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. 

സുപ്രീകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നവംബര്‍ 26ന് മാത്രമേ ഔദ്യോഗിക തീരുമാനം ഉണ്ടാകൂവെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി.