മുല്ലപ്പെരിയാര്‍: കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്
കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ലയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി.
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട് ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്‌നാടിന്‍റെ വാദം.
കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ല. സുപ്രീംകോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകും. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പളനിസ്വാമി സേലത്ത് പറഞ്ഞു.