close

News WrapGet Handpicked Stories from our editors directly to your mailbox

വൃദ്ധ ബ്രാഹ്മണനെ മതാചാരപ്രകാരം സംസ്‌കരിച്ച് മുസ്ലീം സഹോദരന്മാര്‍!!

മതത്തിന്‍റെ പേരില്‍ കുരുതി നടക്കുന്ന ഇന്നത്തെക്കാലത്ത് ഏവരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു സംഭവം. അതും കുപ്രസിദ്ധമായ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രം പേറുന്ന ഗുജറാത്തില്‍ നിന്ന്!! 

Sheeba George | Updated: Sep 16, 2019, 05:56 PM IST
വൃദ്ധ ബ്രാഹ്മണനെ മതാചാരപ്രകാരം സംസ്‌കരിച്ച് മുസ്ലീം സഹോദരന്മാര്‍!!

അഹമ്മദാബാദ്: മതത്തിന്‍റെ പേരില്‍ കുരുതി നടക്കുന്ന ഇന്നത്തെക്കാലത്ത് ഏവരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു സംഭവം. അതും കുപ്രസിദ്ധമായ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രം പേറുന്ന ഗുജറാത്തില്‍ നിന്ന്!! 

കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നാം.. എന്നാല്‍, സംഭവം അങ്ങിനെയാണ്...

40 വര്‍ഷം തങ്ങളുടെ പിതാവിന്‍റെ സുഹൃത്തായിരുന്ന ബ്രാഹ്മണ വൃദ്ധന്‍റെ മൃതസംസ്കാരമാണ് തികച്ചും ഹൈന്ദവ ആചാരപ്രകാരം മുസ്ലിം സഹോദരങ്ങള്‍ നടത്തിയത്. ബ്രാഹ്മണ വയോധികന്‍റെ മരണാന്തര ചടങ്ങ് നടത്തിയതും ശവമഞ്ചം ചുമന്നതും മൂന്ന് മുസ്ലിം യുവാക്കല്‍ തന്നെ!!

പിതാവിന്‍റെ സുഹൃത്തും അവിവാഹിതനായ ഭാനുശങ്കര്‍ വര്‍ഷങ്ങളായി ഇവരോടൊപ്പമായിരുന്നു താമസം. ഭിക്കു ഖുറേഷിയും ഭാനുശങ്കര്‍ പാണ്ഡ്യയും 40 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കടുത്ത മതവിശ്വാസികളും. ഭിക്കു ഖുറേഷിയുടെ മക്കള്‍ അദ്ദേഹത്തെ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തെപ്പോലെയാണ് കണ്ടിരുന്നത്‌.  

'പിതാവും ഭാനുശങ്കര്‍ പാണ്ഡ്യയും എപ്പോഴും ഒരുമിച്ചായിരുന്നു ജീവിതം. എല്ലാ ആഘോഷത്തിലും അവര്‍ ഒരുമിച്ചുണ്ടാകും. അങ്കിള്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ഭാനു അങ്കിളിന് കുടുംബമുണ്ടായിരുന്നില്ല. തനിച്ചായിരുന്നു താമസം. ഒടുവില്‍ കാലിന് പരിക്കേറ്റപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് ഞങ്ങളുടെ കുടുംബാംഗമായി. ഞങ്ങളുടെ കുട്ടികള്‍ ദാദ എന്നാണ് അങ്കിളിനെ വിളിക്കുക. ഞങ്ങളുടെ മതപരമായ എല്ലാ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. അദ്ദേഹത്തിനായി ബാപ്പു സസ്യാഹാരം ഒരുക്കിയിരുന്നു', അബു പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഭിക്കു ഖുറേഷി മരിച്ചത്. അദ്ദേഹത്തിന്‍റെ മരണം ഭാനുശങ്കറെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഭാനു ശങ്കര്‍ മരിച്ചത്. ഭാനുശങ്കര്‍ മരണാസന്നനായി കിടക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഹിന്ദു കുടുംബത്തില്‍ നിന്ന് ഗംഗാജലം എത്തിച്ചുകൊടുത്തിരുന്നു ഇവര്‍!!

ഭാനു ശങ്കറിന്‍റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കള്‍ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു. ചടങ്ങുകള്‍ക്കായി ഗംഗാ ജലം കൊണ്ടുവന്നിട്ടുണ്ടെന്നും, സംസ്കാര ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു മൂന്ന് പേരുടെയും ആഗ്രഹം.

ഇവരുടെ ആഗ്രഹത്തിന് ആരും എതിരുനിന്നില്ല. തുടര്‍ന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങില്‍ മക്കളായ അബു ഖുറേഷി, നസീര്‍ ഖുറേഷി, സുബേര്‍ ഖുറേഷി എന്നിവരും പങ്കെടുത്തു. ഹിന്ദു മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച്, പൂണൂല്‍ ധരിച്ചാണ് ഇവര്‍ ഭാനുശങ്കറിന്‍റെ മൃതദേഹം ചുമന്നതും ചടങ്ങുകള്‍ നടത്തിയതും!!

ഹിന്ദു ആചാര പ്രകാരമുള്ള മൃതദേഹം തീയില്‍ ദഹിപ്പിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ യാതൊരു വിമുഖതയുമില്ലാതെയാണ് അഞ്ച് നേരത്തെ നമസ്‌കാരവും റംസാന്‍ വ്രതവും ഒരിക്കലും മുടക്കാത്ത ഈ സഹോദരങ്ങള്‍ നടത്തിയത്!! 12 ാം ദിവസം നടത്തുന്ന ചടങ്ങുകള്‍ക്ക് ശേഷം തല മുണ്ഡനം ചെയ്യുമെന്നും ഇവര്‍ പറയുന്നു!!

കൂലിപ്പണിക്കാരായ മൂന്ന് പേരും ഇസ്ലാം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. എന്നാല്‍, സ്നേഹത്തിന് പിന്നിലാണ് എല്ലാ വിശ്വാസവുമെന്ന് മൂന്ന് പേരും പറയുന്നു.