തെലങ്കാനയെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത് മട്ടന്‍ സൂപ്പ്: യുവതി ഭര്‍ത്താവിനെ കൊന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കൊന്ന് കാമുകനെ ഭര്‍ത്താവായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള യുവതിയുടെ ശ്രമം വിഫലമായത് വെറും ഒരു മട്ടന്‍ സൂപ്പിലൂടെ. 

Last Updated : Dec 13, 2017, 01:26 PM IST
തെലങ്കാനയെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത് മട്ടന്‍ സൂപ്പ്: യുവതി ഭര്‍ത്താവിനെ കൊന്നത് ഇങ്ങനെ

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊന്ന് കാമുകനെ ഭര്‍ത്താവായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള യുവതിയുടെ ശ്രമം വിഫലമായത് വെറും ഒരു മട്ടന്‍ സൂപ്പിലൂടെ. തെലങ്കാനയില്‍ നിന്നുള്ള നഴ്സ് സ്വാതി (27) ഭര്‍ത്താവിന്‍റെ സ്വത്ത് സ്വന്തമാക്കി കാമുകനായ രാജേഷിന്‍റെ  കൂടെ ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവായ സുധാകര്‍ റെഡ്ഡി (32)യെ കൊലപ്പെടുത്തിയത്.

നാഗര്‍കുര്‍നൂലിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ് സ്വാതി. മൂന്നു വര്‍ഷം മുന്‍പെയാണ് ഇവര്‍ വിവാഹിതരായത്. രണ്ടു കുട്ടികളുമുണ്ട്. സൈക്കോതെറാപ്പിസ്റ്റ് ആണ് കാമുകനായ രാജേഷ്‌

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

നവംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കാമുകനും സ്വാതിയും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയ്ക്ക് അനസ്തേഷ്യ നല്‍കി. ഇതെത്തുടര്‍ന്ന്‍ അബോധാവസ്ഥയിലായ ഇയാളെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. ഇയാളുടെ മൃതദേഹം കാട്ടിനുള്ളില്‍ കൊണ്ടുപോയി കത്തിച്ചു.

തുടര്‍ന്ന്‍ സ്വാതി കാമുകന്‍റെ മുഖത്ത് മനപ്പൂര്‍വം ആസിഡ് ഒഴിച്ചു. മുഖത്തിന്‌ രൂപമാറ്റം വരുത്തി ഇയാളാണ് സുധാകര്‍ എന്ന് സ്ഥാപിക്കുകയായിരുന്നു ലക്‌ഷ്യം.

വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും അജ്ഞാതര്‍ വന്നു മുഖത്ത് ആസിഡ് ഒഴിച്ചെന്ന്‍ സ്വാതി പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ദേഹം പൊള്ളിയ രോഗികള്‍ക്ക് നല്‍കുന്ന മട്ടന്‍ സൂപ്പ് ഇയാള്‍ക്ക് നല്‍കി. എന്നാല്‍ വെജിറ്റേറിയന്‍ ആയ രാജേഷ്‌ അത് കുടിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ബന്ധുക്കള്‍ക്ക് സംശയം ജനിച്ചു. സ്വാതിയുടെ ഭര്‍ത്താവ് സുധാകര്‍ മാംസാഹാരിയായിരുന്നു.

ഇയാളുടെ ശരീരഭാഗങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ ബന്ധുക്കള്‍ക്ക് വ്യത്യാസം മനസിലാവാന്‍ തുടങ്ങി. തുടര്‍ന്ന്‍ ബന്ധുക്കളെ തിരിച്ചറിയാനായി ഇവര്‍ ആവശ്യപ്പെട്ടു. അതിനു സാധിക്കാതിരുന്ന രാജേഷ്‌ ഇടയ്ക്ക് അടവു മാറ്റി. മിണ്ടാന്‍ കഴിയാത്ത പോലെ അഭിനയിക്കാനും ആംഗ്യങ്ങള്‍ കാണിക്കാനും തുടങ്ങി.

തുടര്‍ന്ന്‍ ഇത് സുധാകര്‍ അല്ലെന്നു മനസിലായ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിച്ചു. ചോദ്യം ചെയ്യലില്‍ താനും രാജേഷും ചേര്‍ന്ന് സുധാകറിനെ കൊലപ്പെടുത്തിയെന്ന് സ്വാതി പോലീസിനോട് സമ്മതിക്കുകയായിരുന്നു. 

ഞായറാഴ്ച പോലീസ് സ്വാതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. 2014 ല്‍ പുറത്തിറങ്ങിയ ഒരു തെലുങ്ക്‌ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഈ കൃത്യം പ്ലാന്‍ ചെയ്തതെന്ന് സ്വാതി പറഞ്ഞു. മുഖത്ത് മുറിവേറ്റ യുവാവിന് പ്ലാസ്റ്റിക് സര്‍ജന്‍ മരിച്ചു പോയ തന്‍റെ മകന്‍റെ മുഖം നല്‍കുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.

Trending News