ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ചെന്നൈ നഗരം

നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.  

Last Updated : Oct 9, 2019, 08:12 AM IST
ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ചെന്നൈ  നഗരം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചൈനീസ്‌ പ്രസിഡന്റ് ഷീ ചിന്‍പിങ്ങ്ന്‍റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിയുടെ ഒരുക്കത്തിലാണ്  ചെന്നൈ നഗരം. 

നാലു വ്യത്യസ്ത യോഗങ്ങളിലായി അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്. 

വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. അതിര്‍ത്തി സുരക്ഷ, കശ്മീര്‍ വിഷയം, ഭീകരവാദം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മഹാബലിപ്പുരത്തെ റിസോര്‍ട്ടിലാണ് നാല്‍പത് മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. 

നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.

റോ‍ഡുകളെല്ലാം മുഖം മിനുക്കി കഴിഞ്ഞു. യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. 

ചൈനയില്‍ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ, മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്‍റെ വിസ്മയങ്ങള്‍ ഉച്ചക്കോടിക്കിടെ ഇരുനേതാക്കളും സന്ദര്‍ശിക്കും.

കനത്ത സുരക്ഷയിലാണ് മഹാബലിപുരം. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. ചൈനീസ് പ്രസിഡന്റിന് എതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തിബറ്റന്‍ ആക്ടിവിസ്റ്റ് തെന്‍സില്‍ സുന്‍ന്ത്യുവിനെയും എട്ട് വിദ്യാര്‍ത്ഥികളെയും തമിഴ്‌നാട് പൊലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.

മാത്രമല്ല ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ കഴിയുന്ന 33 തിബറ്റന്‍ സ്വദേശികളും കരുതല്‍ കസ്റ്റഡിയിലാണ്. 

Trending News