close

News WrapGet Handpicked Stories from our editors directly to your mailbox

കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി റാലിയിൽ പങ്കെടുത്തത്.   

Updated: Apr 9, 2019, 03:42 PM IST
കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

മഹാരാഷ്ട്ര: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണം ഇന്നവസാനിക്കെ ആദായ നികുതി റെയ്ഡ് നരേന്ദ്ര മോദി ആയുധമാക്കുന്നു. നോട്ടുകെട്ടുകൾ പിടിച്ചതോടെ യഥാർത്ഥ കള്ളൻമാർ ആരെന്ന് വ്യക്തമായല്ലോ എന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. 

 

 

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി റാലിയിൽ പങ്കെടുത്തത്.  മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മറ്റന്നാൾ പൂർത്തിയാകും.

ദേശസുരക്ഷയ്ക്കൊപ്പം മധ്യപ്രദേശിൽ കമൽനാഥിന്‍റെ അനുയായികളുടെ വീട്ടിൽ നിന്ന് പണം പിടിച്ചതാണ് പ്രധാനമന്ത്രി പ്രധാനമായും ആയുധമാക്കിയത്. ''കോൺഗ്രസിന്‍റെ നേതാക്കളുടെ വീട്ടിൽ നിന്ന് കെട്ടുകെട്ടായി നോട്ടുകൾ പുറത്ത് വന്നത് കണ്ടില്ലേയെന്നും നോട്ട് കൊടുത്ത് വോട്ട് വാങ്ങുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും. ആറ് മാസമായി 'ചൗകീദാർ ചോർ ഹേ' എന്നാണിവ‍ർ പറയുന്നതെന്നും ആരാണ് ശരിക്കുള്ള കള്ളനെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നുമാണ് മോദി ചോദിക്കുന്നത്. 

തീവ്രവാദികളുടെ വീട്ടിൽ കയറി കൊല്ലുന്ന പുതിയ ഇന്ത്യയാണ് ഇവിടെയുള്ളതെന്നും മോദി പറയുന്നു. കോൺഗ്രസിന്‍റെ പ്രകടനപത്രിക ഭീകരവാദികളെ സഹായിക്കുന്നതാണെന്നാണ് മോദിയുടെ ആരോപണം. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ സെക്രട്ടറിയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സി ബി ഡി ടി) ചെയര്‍മാനെയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിപ്പിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പു കാലത്ത് ബി ജെ പി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മൂന്നു നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആദ്യ ഘട്ടത്തിൽ പൂർത്തിയാകും. പ്രിയങ്കാ ഗാന്ധി പശ്ചിമ യുപിയിൽ ഇന്ന് റോഡ് ഷോയ്ക്കെത്തിയപ്പോൾ രാഹുൽ ഗാന്ധി അസമിലെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. 

ആദ്യ ഘട്ട വോട്ടെടുപ്പിന് മുമ്പ് പുറത്ത് വന്ന സർവ്വെകൾ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തും എന്ന സൂചനയാണ് നല്കുന്നത്.