നിരോധനാജ്ഞയെ തുടര്‍ന്ന്‍ മന്ത്രിസഭായോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്നലെ രാത്രിയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  

Last Updated : Aug 5, 2019, 09:54 AM IST
നിരോധനാജ്ഞയെ തുടര്‍ന്ന്‍ മന്ത്രിസഭായോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിരോധനാജ്ഞയെ തുടര്‍ന്ന്‍ കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക മന്ത്രിസഭാ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 

ഇന്നലെ രാത്രിയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാത്രമല്ല മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കി. 

ഇന്നലെ വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ വിവിധ സുരക്ഷാസേന തലവന്‍മാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ ചീഫ് അരവിന്ദ് കുമാര്‍ എന്നിവരുമായി പാര്‍ലമെന്റിലെ ഓഫീസില്‍ വെച്ച് അമിത് ഷാ കൂടിക്കാഴ്ച നടത്തി. 

രാത്രി 12.30 വരെ കൂടിക്കാഴ്ച നീണ്ടുനിന്നു. നേരത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കശ്മീരിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ജ്ഞാനേഷ് കുമാര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരില്‍ നടക്കുന്ന സൈനിക വിന്യാസത്തിന്‍റെ തുടര്‍ച്ചയാണ് ഇതെന്നാണ് സൂചന. അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

തീര്‍ത്ഥാടകരും വിനോദയാത്രികളും എത്രയും വേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 35,000 സൈനികരെയാണ് കേന്ദ്രം പുതുതായി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Trending News