വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

രാജ്യത്തിന്‍റെ സമ്പദ്ഘടന അടക്കമുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.  

Updated: May 22, 2019, 01:35 PM IST
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ്‌ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്.

യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മോന്നോടിയായാണ് പ്രധാനമന്ത്രി യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്‍റെ സമ്പദ്ഘടന അടക്കമുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.

ഇന്നലെ പ്രധാനമന്ത്രി കാബിനറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല ഇന്നലെ വൈകുന്നേരം എന്‍ഡിഎയിലെ വിവിധ കക്ഷികളുടെ നേതാക്കള്‍ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.