ന്യൂസിലാന്‍ഡ്‌ വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി

ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.  

Last Updated : Mar 16, 2019, 09:16 AM IST
ന്യൂസിലാന്‍ഡ്‌ വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നരേന്ദ്രമോദി പറഞ്ഞു.

വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണിന് കത്തയച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി കത്തില്‍ കുറിച്ചു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനെല്ലാത്തിനും പുറമേ ലോകത്തെ ഞെട്ടിച്ച ഈ ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്.

Trending News