പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ലംഘനം നടത്തിയാല്‍ അന്വേഷണമില്ലേ?

പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയാല്‍ അന്വേഷണമില്ലേയെന്ന്‍ കോണ്‍ഗ്രസ്‌....

Last Updated : Apr 24, 2019, 05:58 PM IST
പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ലംഘനം നടത്തിയാല്‍ അന്വേഷണമില്ലേ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയാല്‍ അന്വേഷണമില്ലേയെന്ന്‍ കോണ്‍ഗ്രസ്‌....

ഏപ്രില്‍ 23ന് നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ടുചെയ്യാനെത്തിയ ശേഷം നടത്തിയ റോഡ് ഷോ ആണ് പ്രതിപക്ഷത്തിന്‍റെ പരാമര്‍ശത്തിനാധാരം. 

തുറന്ന വാഹനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനം മുദ്രാവാക്യങ്ങള്‍ മുഴക്കി. പരസ്യപ്രചാരണം അവസാനിച്ചിട്ടും പാര്‍ട്ടിചിഹ്നവും പതാകയും വീശിയായിരുന്നു പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ മോദി മഷിയടയാളം പുരട്ടിയ വിരലുയര്‍ത്തി റോഡിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പരിപാടികളോ നടത്താന്‍ പാടില്ലെന്നാണ് നിയമം. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ നടപടികള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രി നിരന്തരം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിന്ഘ്വി ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദില്‍ വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി റോഡ് ഷോ നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമേഷ് സിന്‍ഹ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Trending News