സര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കാന്‍ NCP?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം മുതലാക്കാന്‍ NCP മുന്നിട്ടിറങ്ങുന്നു... സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കാനാണ് ഇപ്പോള്‍ NCP യുടെ തീരുമാനമെന്ന് സൂചന.

Sheeba George | Updated: Nov 5, 2019, 02:15 PM IST
സര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കാന്‍ NCP?

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം മുതലാക്കാന്‍ NCP മുന്നിട്ടിറങ്ങുന്നു... സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കാനാണ് ഇപ്പോള്‍ NCP യുടെ തീരുമാനമെന്ന് സൂചന.

സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട BJPയും NCP യും തിരഞ്ഞെടുപ്പിന് ശേഷം അധികാരതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതോടെ, സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം വൈകുകയായിരുന്നു.   

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ശിവസേന മേധാവി ഉദ്ദവ് താക്കറേയുമായി BJP  ചര്‍ച്ച നടത്താനിരിക്കുമ്പോഴാണ് NCP യുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ഒരുങ്ങുന്നതായി സൂചനകള്‍ പുറത്തു വരുന്നത്.

തിരഞ്ഞെടുപ്പില്‍, ശിവസേനയ്ക്ക് 56 സീറ്റും, NCP യ്ക്ക് 54 സീറ്റുമാണ് ഉള്ളത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന്‍റെ പിന്തുണ ഇരു പാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. ഈയവസരത്തില്‍ തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്‌!!

കോണ്‍ഗ്രസിന്‍റെ ആത്യന്തിക ലക്ഷ്യം BJPയെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്തില്‍ നിന്നും അകറ്റുക എന്നതാണ്. 
കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കണമെന്ന് വാദിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാനകാതെ കുഴങ്ങുകയാണ് എന്നാണ് സൂചന.

അതേസമയം, ശിവസേനയെ പിന്തുണയ്ക്കാന്‍ NCP മുന്നിട്ടിറങ്ങുന്ന അവസരത്തില്‍ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസിന് ഒരു പക്ഷേ തങ്ങളുടെ തീരുമാനം തിരുത്തേണ്ടതായി വന്നേക്കാം. 

എന്നാല്‍, NCP ശിവസേനയുമായി ചേര്‍ന്ന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ്‌ പുറത്തുനിന്നും പിന്തുണയ്ക്കുമെന്നുമുള്ള സൂചനകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ശരദ് പവാര്‍ സോണിയ ഗാന്ധി കൂടിക്കാഴ്ചയാണ് ഇത്തരം സൂചനകള്‍ക്ക് വഴിതെളിച്ചത്.

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, 50:50 ഫോര്‍മുല BJP പ്രാവര്‍ത്തികമാക്കണം. അതായത്, രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി പദം അലങ്കരിക്കും. അതനുസരിച്ചാണ് ശിവസേന തങ്ങളുടെ യുവ നേതാവ് ആദിത്യ താക്കറേയെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയത് തന്നെ. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം BJP വാക്കു മാറ്റിയത് ശിവസേനയെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്.

തങ്ങളുടെ ആവശ്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ശിവസേനയെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മയക്കാന്‍ BJP യ്ക്ക് സാധിക്കുന്നില്ല എന്നതാണ് നിലവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമായി നില്‍ക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. എന്നാല്‍, ബിജെപിയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് BJP പ്രസ്താവിക്കുകയും ചെയ്തു.

കൂടാതെ, സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉണ്ടാകുന്ന കാലതാമസത്തിന് ബിജെപി മാത്രമാണ് ഉത്തരവാദിയെന്ന്‍ ശിവസേന ആരോപിച്ചപ്പോള്‍, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുമെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവിക്കുകയും ചെയ്തു. ഇതെല്ലം, ബിജെപി - ശിവസേന ബന്ധം കൂടുതല്‍ കൂടുതല്‍ വഷളാക്കിയിരിയ്ക്കുകയാണ്. 

അതേസമയം, ബിജെപിക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നാണ് പരക്കെയുള്ള  വിലയിരുത്തല്‍. 

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില. 

നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 8ന് അവസാനിക്കും.