ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രത്യേക നിയമം വേണം: സുപ്രീംകോടതി

ഏഴംഗ ബെഞ്ചിന്‍റെ വിധി മറിച്ചാണെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.  

Last Updated : Nov 20, 2019, 01:09 PM IST
    1. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.
    2. സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് കൈമാറിയ കരടു രേഖയില്‍ ഭരണ സമിതിയുടെ മൂന്നിലൊന്ന്‍ സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
    3. ഏഴംഗ ബഞ്ചിന്‍റെ തീരുമാനം യുവതി പ്രവേശനത്തിന് എതിരാണെങ്കില്‍ ബോര്‍ഡിലെ വനിതാ അംഗം എങ്ങനെ ശബരിമലയില്‍ എത്തുമെന്നും ജസ്റ്റിസ് രമണ ചോദിച്ചു.
    4. 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നും, ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്നും സുപ്രീംകോടതി പറഞ്ഞു.
ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രത്യേക നിയമം വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി

പ്രത്യേക നിയമനിര്‍മ്മാണം നടത്താത്തത്തില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാത്രമല്ല 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെയാണ് രാജകുടുംബം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ ശബരിമലയ്ക്കായി സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതിനെയും വിമര്‍ശിച്ചു. മാത്രമല്ല വിഷയത്തില്‍ സര്‍ക്കാര്‍ കൈമാറിയ കരട് നിയമത്തില്‍ ബോര്‍ഡ് ഭരണസമിതിയിലേയ്ക്ക് വനിതകളെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയേയും ജസ്റ്റിസ്‌ വിമര്‍ശിച്ചു. 

ഏഴംഗ ബെഞ്ചിന്‍റെ വിധി മറിച്ചാണെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നിട്ടും വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ ഒരു നിയമത്തിന്‍റെ കരട് മാത്രമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് കൈമാറിയത്. 

തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്‍റെ കരടാണ് കോടതിയ്ക്ക് സമര്‍പ്പിച്ചത്. അതില്‍ ഭരണ സമിതിയുടെ മൂന്നിലൊന്ന്‍ സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

എന്നാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ ലിംഗനീതിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി.പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ ഏഴംഗ ബഞ്ചിന്‍റെ തീരുമാനം യുവതി പ്രവേശനത്തിന് എതിരാണെങ്കില്‍ ബോര്‍ഡിലെ വനിതാ അംഗം എങ്ങനെ ശബരിമലയില്‍ എത്തുമെന്നും ജസ്റ്റിസ് രമണ ചോദിച്ചു. 

അതിനാല്‍ ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും പ്രത്യേക നിയമം വേണമെന്നും ജസ്റ്റിസ് രമണ അറിയിച്ചു.

കൂടാതെ സര്‍ക്കാര്‍ കൈമാറിയ പുതിയ നിയമത്തെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനുണ്ടെന്നും അതിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്തയോട് ഹാജരാകണമെന്നും ജസ്റ്റിസ് രമണ നിര്‍ദ്ദേശിച്ചു. 

Trending News