മോദിയെ ഒരിക്കലും പിന്തുണക്കില്ല; റാഫേല്‍ പ്രസ്താവന തിരുത്തി ശരത് പവാര്‍

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ തന്‍റെ പ്രസ്താവന തിരുത്തി രംഗത്ത്‌. 

Updated: Oct 2, 2018, 04:06 PM IST
മോദിയെ ഒരിക്കലും പിന്തുണക്കില്ല; റാഫേല്‍ പ്രസ്താവന തിരുത്തി ശരത് പവാര്‍

മുംബൈ: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ തന്‍റെ പ്രസ്താവന തിരുത്തി രംഗത്ത്‌. 

താന്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു, അത് ഒരിക്കലും സാധ്യമല്ല, അദ്ദേഹം പറഞ്ഞു. കൂടാതെ, വിമാന ഇടപാടുകള്‍ സംബധിച്ച വിശദീകരണം സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  

പശുവും ചത്തു, മോരിലെ പുളിയും പോയി എന്ന് പറയുന്നതുപോലെ പവാറിന്‍റെ തിരുത്തല്‍ പ്രസ്താവന അല്പം വൈകിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച ശരദ് പവാറിന്‍റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പവാറിന്‍റെ അടുത്ത കൂട്ടാളിയുമായ  കഴിഞ്ഞ 28 ന് പാര്‍ട്ടിയില്‍നിന്നും രാജിവച്ചിരുന്നു. താരിഖ് അന്‍വര്‍ പാര്‍ട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചിരിക്കുകയാണ്. ബിഹാറിലെ കതിഹാറില്‍ നിന്നുള്ള എം.പിയാണ് താരിഖ് അന്‍വര്‍.

പ്രതിപക്ഷം ഒന്നടങ്കം റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആഞ്ഞടിക്കുമ്പോഴായിരുന്നു ശരദ് പവാറിന്‍റെ വേറിട്ട പ്രതികരണം.  റാഫേല്‍ ഇടപാടില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ, കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. കൂടാതെ എന്‍സിപിയില്‍ പവാറിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.