ജമ്മുകശ്മീര്‍, ലഡാക്ക് ഇന്നുമുതല്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മുകശ്മീരിൽ ഇനി പുതിയ പ്രഭാതം!! ജമ്മു-കശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇനി ഇന്ത്യയില്‍ ആകെ 28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളും.

Last Updated : Oct 31, 2019, 12:53 PM IST
ജമ്മുകശ്മീര്‍, ലഡാക്ക് ഇന്നുമുതല്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ ഇനി പുതിയ പ്രഭാതം!! ജമ്മു-കശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇനി ഇന്ത്യയില്‍ ആകെ 28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളും.

ജമ്മു-കശ്മീര്‍ സംസ്ഥാനം ഇനി ചരിത്രത്തിന്‍റെ ഭാഗം. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറി.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അഗസ്റ്റ് 5 നാണ് പാര്‍ലമെന്‍റില്‍ അറിയിച്ചത്. 

പ്രധാമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിന്‍റെ ലഫ്. ഗവര്‍ണര്‍. ഇന്ന് രാജ്ഭവനില്‍വെച്ച് മുര്‍മു അധികാരമേല്‍ക്കും. ആര്‍.കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവര്‍ണര്‍. ലഡാക്കിന്‍റെ ആദ്യ ഗവര്‍ണര്‍ കൂടിയാണ് ഇദ്ദേഹം.

ജമ്മു-കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളെങ്കിലും ആധികാരപരിധി വ്യത്യസ്തമാണ്. പുതുച്ചേരിപോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു-കശ്മീര്‍. എന്നാല്‍ ലഡാക്കാകട്ടെ, ചണ്ഡീഗഢ് പോലെ നിയമസഭ ഇല്ലാത്ത കേന്ദ്രഭരണപ്രദേശവുമാണ്. എന്നാല്‍, രണ്ട് പ്രദേശത്തിന്‍റെയും ഭരണാധികാരി ലഫ്.  ഗവര്‍ണര്‍മാരായിരിക്കും.

അതേസമയം, കടുത്ത നിയന്ത്രണങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയത്‌. പ്രാദേശിക നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ ഗതാഗത സംവിധാനത്തിനും മൊബൈല്‍ ഫോണിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ വാദമുന്നയിക്കുമ്പോഴും കശ്മീരില്‍നിന്നും വരുന്ന ചില വാര്‍ത്തകള്‍ ഈ വാദത്തെ നിഷേധിക്കുന്നുണ്ട്. കശ്മീരില്‍ ഇപ്പോഴും 20% വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിയതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ 24ന് നടന്ന ബ്ലോക്ക്‌ ഡവലപ്മെന്‍റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ജനപങ്കാളിത്തം വളരെ കുറവായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, പ്രാദേശിക നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അവസരത്തില്‍, കോണ്‍ഗ്രസടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. ബിജെപി മാത്രമാണ് തിരഞ്ഞെടുപ്പില്‍ പങ്കാളിയായ പ്രധാന രാഷ്ട്രീയ പാര്‍ട്ടി. എന്നാല്‍ പ്രതീക്ഷിച്ച വിജയം പാര്‍ട്ടിയ്ക്ക് ജമ്മു-കശ്മീരില്‍ നേടാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയം നേടിയവരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ നീണ്ട അശാന്തിയുടെയും അസമാധാനത്തിന്‍റെയും പാതയില്‍നിന്നും ജമ്മുകശ്മീരിന് മോചനമായി... ഇനി കശ്മീരിനെ കാത്തിരിക്കുന്നത് സമ്പദ്സമൃദ്ധിയുടെ നല്ല നാളെകള്‍...!!

 

Trending News