തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്!

ചെന്നൈയിലെ മുഹമ്മദ് ബുഹാരി എന്നയാളുടെ വീട്ടിലും ഓഫീസിലും നാഗപ്പട്ടണത്ത് ഹസൻ അലി, മുഹമ്മദ് യൂസഫുദ്ദീൻ എന്നിവരുടെ വീടുകളിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്.    

Last Updated : Jul 14, 2019, 12:48 PM IST
തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്!

ചെന്നൈ: തമിഴ്നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ചെന്നൈയിലും നാഗപട്ടണത്തുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെ ആക്രമണങ്ങൾക്ക് പദ്ധതി ഇടുകയും ഇതിനായി ഫണ്ട് പിരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

ചെന്നൈയിലെ മുഹമ്മദ് ബുഹാരി എന്നയാളുടെ വീട്ടിലും ഓഫീസിലും നാഗപ്പട്ടണത്ത് ഹസൻ അലി, മുഹമ്മദ് യൂസഫുദ്ദീൻ എന്നിവരുടെ വീടുകളിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഇവർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അതിനായി ഫണ്ട് പിരിച്ചിരുന്നതായും കണ്ടെത്തിയെന്ന് എന്‍ഐഎ പറഞ്ഞു. 

ഇവർ ഐഎസുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഒൻപത് മൊബൈൽ ഫോൺ, 15 സിം കാർഡ്, ഏഴ് മെമ്മറി കാർഡ്, മൂന്ന് ലാപ്‌ടോപ്‌, അഞ്ച് ഹാർഡ് ഡിസ്‌ക്, ആറ് പെൻഡ്രൈവ്, രണ്ട് ടാബ്ലെറ്റ്സ്, മൂന്ന് സി.ഡി കൂടാതെ നിരവധി ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഇവർ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ കുറിച്ചും ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും.

ശ്രീലങ്കൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കുംഭകോണം, രാമനാഥപുരം, തഞ്ചാവൂർ കാരയ്ക്കൽ അടക്കം എസ്ഡിപിഐയുടേയും പോപ്പുലർ ഫ്രണ്ടിന്‍റെയും തൗഹീദ് ജമാഅത്തിന്‍റെ ഓഫീസുകളിൽ എന്‍ഐഎ സംഘം റെയ്ഡ്‌ നടത്തിയിരുന്നു. 

പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെ തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘം അറസ്റ്റ് ചെയ്തിരുന്നു.

Trending News