'നിതിന്‍ ഗഡ്‌കരി' മഹാരാഷ്ട്ര മുഖ്യമന്ത്രി?

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതാവസ്ഥയില്‍ തന്നെ തുടരുകയാണ്. 

Last Updated : Nov 7, 2019, 01:31 PM IST
'നിതിന്‍ ഗഡ്‌കരി' മഹാരാഷ്ട്ര മുഖ്യമന്ത്രി?

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതാവസ്ഥയില്‍ തന്നെ തുടരുകയാണ്. 

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ശിവസേനയുമായി പങ്കുവയ്ക്കാന്‍ ഒട്ടും തയ്യാറല്ലാത്ത BJP ഇപ്പോള്‍  ഏവര്‍ക്കും സമ്മതനായ നേതാവിനെ തിരയുന്നതായാണ് സൂചന. 

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മോഹന്‍ ഭാഗവത്, നിതിന്‍ ഗഡ്‌കരി കൂടിക്കാഴ്ച നടന്നു. ശേഷമാണ് ഈ പുതിയ വഴിത്തിരിവ് എന്നാണ് റിപ്പോര്‍ട്ട്. 

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ RSS ഇടപെട്ടതോടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്‍റെ കസേര തെറിക്കുമോ? എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

അതിന് കാരണവുമുണ്ട്. ഏവര്‍ക്കും സമ്മതനായ നേതാവാണ്‌ നിതിന്‍ ഗഡ്‌കരി. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി BJP കൈക്കൊള്ളുന്ന തീരുമാനങ്ങളെ എതിര്‍ക്കാന്‍ ശിവസേനയ്ക്കാവില്ല എന്ന വിവരം RSS, BJP നേതാക്കള്‍ക്ക് അറിയാം. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത BJP യെ സംബന്ധിച്ച് നിതിന്‍ ഗഡ്‌കരിയെ മുഖ്യമന്ത്രിയാക്കുക എന്നത് ഏറ്റവും നല്ല ഉപായമാണ്. 

ഈ തീരുമാനത്തിലൂടെ ഇടഞ്ഞു നില്‍ക്കുന്നവരെ മെരുക്കാം, ഒപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ആരുമായും പങ്കു വയ്ക്കേണ്ടിവരികയുമില്ല, എന്നാണ് BJPയുടെ കണക്കുകൂട്ടല്‍. 

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്, മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിക്കും. അതും ഏവര്‍ക്കും സമ്മതന്‍.. വൈകിയെങ്കിലും BJP- ശിവസേന സഖ്യ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ നിലവില്‍ വരികയും ചെയ്യും... 

അതേസമയം, സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന BJP നേതാക്കള്‍ ഇന്ന് ഗവർണറെ കാണും. 2 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്‌. രാവിലെ 11:30ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പിന്നീട് പെട്ടെന്ന് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് BJP വാദം ഉന്നയിക്കില്ല എന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ശിവസേന. അതില്‍ 2.5 വര്‍ഷം വീതം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുമെന്ന വാഗ്ദാനവുമുണ്ട്. എന്നാല്‍, BJPയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് BJP  പ്രസ്താവിക്കുകയും ചെയ്തു.

അതേസമയം, BJPയ്ക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നും വിലയിരുത്തപ്പെടുന്നു.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള BJPയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, NCP  54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില. 

നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 8ന് അവസാനിക്കും.

Trending News