കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു!!

കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍!!

Last Updated : Oct 18, 2019, 06:42 PM IST
കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു!!

ലഖ്നൗ: കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍!!

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. യോഗി സര്‍ക്കാര്‍ കൈക്കൊണ്ട ഈ നടപടി സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലുമുള്ള അദ്ധ്യാപകർക്കും ബാധകമാണ്. 

ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
സർവകലാശാലയിലും കോളജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ സർവകലാശാലകൾക്കും കോളജുകൾക്കുമുള്ളില്‍ മൊബൈൽ ഫോണുകൾ കൊണ്ടുപോകാനോ ഉപയോഗിക്കാനോ വിദ്യാർഥികള്‍ക്കോ അദ്ധ്യാപകർക്കോ ഇനി മുതല്‍ അനുമതിയുണ്ടാകില്ല.

കോളേജ് സമയങ്ങളിൽ ധാരാളം വിദ്യാർഥികളും അദ്ധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിച്ച് പാഴാക്കുന്നതാണ് ഈ കര്‍ശന നടപടി കൈക്കൊണ്ടതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മന്ത്രിസഭാ യോഗങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്‍പേതന്നെ നിരോധിച്ചിരുന്നു. പ്രധാനപ്പെട്ട യോഗങ്ങളില്‍ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്ട്‌സ് ആപ്പിൽ സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.

Trending News