ഡല്‍ഹിയില്‍ മരം മുറിക്കല്‍ തടഞ്ഞ് ഹൈക്കോടതി

രാജ്യതലസ്ഥാനത്ത് മരം മുറിക്കാനുള്ള നീക്കം ഡല്‍ഹി ഹൈക്കോടതി ജൂലായ് 4 വരെ തടഞ്ഞു. 

Last Updated : Jun 25, 2018, 04:39 PM IST
ഡല്‍ഹിയില്‍ മരം മുറിക്കല്‍ തടഞ്ഞ് ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മരം മുറിക്കാനുള്ള നീക്കം ഡല്‍ഹി ഹൈക്കോടതി ജൂലായ് 4 വരെ തടഞ്ഞു. 

ഈ വിഷയത്തില്‍ അടുത്തവാദം കേള്‍ക്കുന്ന ജൂലായ് നാലുവരെ മരങ്ങള്‍ മുറിക്കരുതെന്ന് നിര്‍ദേശിച്ച കോടതി മരം മുറിക്കലിന് ഹരിത ട്രിബ്യൂണലിന്‍റെ അനുമതി ലഭിച്ചുവോയെന്നും ആരാഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടലോടെ ഭവന-വ്യാപാരസമുച്ചയ നിര്‍മ്മാണത്തിനു വേണ്ടി ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനാണ് ഇതോടെ തടസ്സമായിരിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണക്കമ്പനിയായ എന്‍.ബി.സി.സി സരോജിനി നഗര്‍, നൗറോജി നഗര്‍ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു മരങ്ങള്‍ മുറിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നത്. 

ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചു നീക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ മുറിച്ചു നീക്കിയശേഷം പകരം ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി ഡോ. കൗശല്‍ കാന്ത് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മരങ്ങള്‍ കൂട്ടത്തോടെ മുറിക്കരുതെന്ന്‌ ആവശ്യപ്പെട്ടാണ് മിശ്ര കോടതിയെ സമീപിച്ചത്.

തെക്കന്‍ ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3000ത്തോളം മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെ ചിപ്‌കോ മൂവ്‌മെന്റ് ഇന്‍ ഡല്‍ഹി എന്ന പേരില്‍ തദ്ദേശവാസികളടക്കമുള്ള പ്രകൃതി സ്‌നേഹികള്‍ ഒത്തു ചേര്‍ന്നിരുന്നു. ഡല്‍ഹി അതി ഭയാനകമായി രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്നും പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി എല്ലാ പച്ചപ്പുകളും നശിപ്പിച്ച് കോളനികള്‍ നിര്‍മ്മിക്കുക എന്നത് ഏറ്റവും അപകടകരമായ തീരുമാനമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 

 

 

Trending News