ബാലാകോട്ട് ആക്രമണത്തില്‍ പാക് പട്ടാളക്കാരോ പൗരന്മാരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

പാക്കിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല സ്വയം പ്രതിരോധിക്കാനാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നും സുഷമ സ്വരാജ് പറഞ്ഞു.   

Last Updated : Apr 19, 2019, 10:08 AM IST
ബാലാകോട്ട് ആക്രമണത്തില്‍ പാക് പട്ടാളക്കാരോ പൗരന്മാരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന ബാലാക്കൊട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാക്‌ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

പാക്കിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല സ്വയം പ്രതിരോധിക്കാനാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നും സുഷമ സ്വരാജ് പറഞ്ഞു. 

പുല്‍മാവ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിന്  അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയുണ്ടായിരുന്നു. പാക്കിസ്ഥാനിലെ സാധാരണക്കാരെ ആക്രമിക്കാതെയാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി തിരിച്ചെത്തിയതെന്നും സുഷമ പറഞ്ഞു.

2008 ല്‍ മുംബൈ ഭീകരക്രമണത്തിനു പിന്നാലെ ലോക രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ലയെന്നും സുഷമ സ്വരാജ് പറഞ്ഞു. 14 രാജ്യങ്ങളില്‍ നിന്നുള്ള 40 വിദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. അന്ന് യുപിഎ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 

അന്നത്തെ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നെന്നും സുഷമ ആരോപിച്ചു. മാത്രമല്ല 2014 ലേതു പോലെ ഇത്തവണയും ബിജെപി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും സുഷമ പ്രത്യാശ പ്രകടിപ്പിച്ചു. 

40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാന്‍ ഇടയാക്കിയ പുല്‍വാമ ആക്രമണത്തിന് മറുപടിയായിട്ടാണ് ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടിലെ ജെയ്ഷെ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.

Trending News