നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വരുണ്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.  

Updated: Apr 8, 2019, 12:08 PM IST
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി രംഗത്ത്.  മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വരുണ്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പിലിബിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍.

മോദിജി പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണെന്നും ആത്മാര്‍ഥമായി പറഞ്ഞാല്‍ എന്‍റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴില്‍ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായത് എന്നും വരുണ്‍ പറഞ്ഞു. 

രാജ്യത്തിന്‌ വേണ്ടിയാണ് മോദി ജീവിക്കുന്നതെന്നും രാജ്യത്തിന്‌ വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണെന്നും വരുണ്‍ പറഞ്ഞു. മാത്രമല്ല അഞ്ച് കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോദിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രാജ്യത്തെ കുറിച്ചാണ് മോദിയുടെ ആശങ്കയെന്നും വരുണ്‍ പറഞ്ഞു.