close

News WrapGet Handpicked Stories from our editors directly to your mailbox

ഗതാഗത നിയമലംഘന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം: നിതിന്‍ ഗഡ്കരി

കര്‍ശന ഗതാഗത ഭേദഗതി നിയമത്തില്‍ അയവുവരുത്തി കേന്ദ്ര സര്‍ക്കാര്‍!!

Updated: Sep 11, 2019, 05:37 PM IST
ഗതാഗത നിയമലംഘന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കര്‍ശന ഗതാഗത ഭേദഗതി നിയമത്തില്‍ അയവുവരുത്തി കേന്ദ്ര സര്‍ക്കാര്‍!!

ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പണമുണ്ടാക്കലല്ലെന്നും പിഴത്തുക വന്‍തോതില്‍ വര്‍ധിപ്പിച്ചത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

നിയമം പാലിച്ചാല്‍ പിഴയുടെ കാര്യം ഉദിക്കുന്നില്ല, എന്നാല്‍ പിഴത്തുക കുറച്ചാല്‍ ജനങ്ങള്‍ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി. മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം സെപ്റ്റംബര്‍ 1 മുതലാണ് കനത്ത പിഴ ഈടാക്കിത്തുടങ്ങിയത്. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയായിരുന്നു വര്‍ധനവ്. 

എന്നാല്‍ കനത്തപിഴ ഈടാക്കുന്നതിനെതിരെ പരാതികള്‍ വ്യാപകമായതോടെ പല സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്ത്‌ വരികയും പുതിയ പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകുകയും ചെയ്തിരുന്നു.

ഇതിനിടെ ഗുജറാത്ത് സര്‍ക്കാര്‍ പിഴത്തുക നേര്‍പകുതിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്നാട് സര്‍ക്കാരും സമാനരീതിയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ ഉത്തരവ് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കി വന്‍ പിഴ ചുമത്താന്‍ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമുയര്‍ന്നു. പിഴത്തുക വര്‍ധിപ്പിച്ചുള്ള തീരുമാനം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.

ഇതിനിടെയാണ് പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ കേരളവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.