പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി ദൂരദര്‍ശന്‍ സംവിധാനം വിനിയോഗിച്ചോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.  

Last Updated : Mar 28, 2019, 02:04 PM IST
പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മിഷന്‍ ശക്തിയെക്കുറിച്ച് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് പുറത്തു വിട്ടതെന്നും അത് സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

അതേസമയം പ്രധാനമന്ത്രി ദൂരദര്‍ശന്‍ സംവിധാനം വിനിയോഗിച്ചോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്‍.ഡി.ഒ. മേധാവി ആണെന്നും രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കാണിച്ചുകൊണ്ട് സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സർക്കാരിന്‍റെ നേട്ടമായി  'മിഷൻ ശക്തി' അവതരിപ്പിച്ചിട്ടില്ല. പകരം, രാജ്യത്തിന്‍റെ നേട്ടം എന്നാണ് പറയുന്നത്. അതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാവില്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനെ സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും ശേഷമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വരുന്നതെന്നും. 

ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും. ഈവിധം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞിരുന്നോ എന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും യെച്ചൂരി പറഞ്ഞു. 

മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രവര്‍ത്തിയെ പരിഗണിക്കുകയും അതിന് അനുവാദം നല്‍കുകയും ചെയ്തിരുന്നോവെന്നും യെച്ചൂരി ചോദിച്ചു. ഇതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെയാണ് ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്ന വിവരം പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 

ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ മിഷന്‍ ശക്തി വിജയിച്ചു. മൂന്ന് മിനിറ്റില്‍ ഇന്ത്യ വിജയം കണ്ടു, എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്, എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.

 

Trending News