ഇന്ന് നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

നോട്ട് നിരോധനത്തിന്‍റെ ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. ഇടതുപക്ഷ പാര്‍ട്ടികൾ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങൾക്ക് മറുപടിയായി ബി.ജെ.പിയുടെ പ്രചാരണ പരിപാടികളും ഇന്ന് നടക്കും.

Last Updated : Nov 8, 2017, 09:27 AM IST
ഇന്ന് നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. ഇടതുപക്ഷ പാര്‍ട്ടികൾ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങൾക്ക് മറുപടിയായി ബി.ജെ.പിയുടെ പ്രചാരണ പരിപാടികളും ഇന്ന് നടക്കും.

സാമ്പത്തിക രംഗത്ത് മിന്നലാക്രമണമായി മാറിയ നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് കരിദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകൾ നടത്തും. ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ചും സംഘടിപ്പിക്കും. ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച് 11 മണിക്ക് ഡല്‍ഹിയിൽ നടക്കും. ഡല്‍ഹിയിൽ മണ്ഡിഹൗസിൽ നിന്നാകും ഇടതുപക്ഷത്തിന്‍റെ മാര്‍ച്ച്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികളും വിശദീകരണ യോഗങ്ങളും ഇടതുപക്ഷം സംഘടിപ്പിക്കും. നോട്ട് നിരോധനത്തിനെതിരെ കൊൽക്കത്തയിൽ തൃണമൂൽ കോണ്‍ഗ്രസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ മുഖചിത്രങ്ങൾ കറുത്ത നിറമാക്കി മാറ്റണമെന്ന ആഹ്വാനവും മമത ബാനര്‍ജി നൽകിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ നോട്ട് നിരോധനത്തിന്‍റെ നേട്ടങ്ങൾ ജനങ്ങളെ ആറിയിക്കാൻ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് മറുപടി നൽകാനാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്ര മന്ത്രിമാര്‍ എം.പിമാര്‍ പ്രമുഖ നേതാക്കന്മാര്‍ എന്നിവര്‍ ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെ പരിപാടികളിൽ പങ്കെടുത്ത് വൈകീട്ട് ദില്ലിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ 8ലെ പോലെ ഇന്ന് പുതിയ എന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്നും ഏവരും ഉറ്റുനോക്കുന്നത്.

Trending News