NPR ആശങ്ക; രജനികാന്തിനെ സന്ദര്‍ശിച്ച് മുസ്ലീം നേതാക്കള്‍....!!

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കെ തമിഴ്‌നാട് ജമാത്തുല്‍ ഉല്‍മ അദ്ധ്യക്ഷന്‍ കെഎം ബാഖ്‌വി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി.

Last Updated : Mar 1, 2020, 06:57 PM IST
NPR ആശങ്ക; രജനികാന്തിനെ സന്ദര്‍ശിച്ച് മുസ്ലീം നേതാക്കള്‍....!!

ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കെ തമിഴ്‌നാട് ജമാത്തുല്‍ ഉല്‍മ അദ്ധ്യക്ഷന്‍ കെഎം ബാഖ്‌വി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ മുസ്ലീം സമൂദായം നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ രജനിയെ അറിയിച്ചു. തങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട രജനി ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുതന്നതായി മതനേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് തമിഴ്‌നാട് ജമാത്തുല്‍ ഉല്‍മ നേതാക്കള്‍ രജനിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടത്.

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല, അത് മുസ്ലീങ്ങളെ ബാധിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. പുറത്തുനിന്നുള്ളവരെക്കുറിച്ച്‌ അറിയാന്‍ വേണ്ടിയാണ് NPR. NRC ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രജനി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച്‌ രജനീകാന്ത് മുന്‍പും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാര്‍ഗമല്ലെന്നും രാജ്യത്തിന്‍റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥനത്തെ ഹജ്ജ് കമ്മിറ്റി നേതാക്കളുമായി രജനീകാന്ത് ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി മുസ്ലീം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കലാപത്തിന് ഇടയാക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് പരാജയത്തെ ശക്തമായി അപലപിച്ചായിരുന്നു  താരത്തിന്‍റെ വിമര്‍ശനം. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനെയും രജനീകാന്ത് വിമര്‍ശിച്ചു.

More Stories

Trending News