എണ്ണക്കപ്പല്‍ കാണാതായ സംഭവം: തിരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി

22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

Last Updated : Feb 5, 2018, 10:05 AM IST
എണ്ണക്കപ്പല്‍ കാണാതായ സംഭവം: തിരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളുടെ നാവികസേനകളുടെ സഹായത്തോടെയാണ് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. കൂടാതെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വ്യോമനിരീക്ഷണം അടക്കം തിരച്ചിൽ ഊർജിതമാക്കിയതായി ഷിപ്പിങ് മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി. നൈജീരിയന്‍ കോസ്റ്റ്ഗാർഡും, നാവികസേനയുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. എന്നാൽ, കപ്പലിലുള്ളവരുമായി ബന്ധം സ്ഥാപിക്കാതെ എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലിൽനിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരയ്ക്കാണ്. 52 കോടിരൂപാ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. എണ്ണക്കപ്പലില്‍ 2 മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമുണ്ടായിരുന്നു. 

 

 

 

 

More Stories

Trending News