"ഒരു തവണ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടും...."

കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. വക്താവുമായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ  

Updated: Mar 14, 2019, 08:12 PM IST
 "ഒരു തവണ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടും...."

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. വക്താവുമായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ  

അദ്ദേഹത്തിന്‍റെ പഴയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. 

ഒരു തവണ നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചത്. പുല്‍വാമ ആക്രമണത്തിന് മുന്‍പായിരുന്നു ടോം വടക്കന്‍റെ ഈ ട്വീറ്റ്.

കൂടാതെ, രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. 

വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന, ഹിന്ദു പത്രം പുറത്തുവിട്ട രേഖ ടോം വടക്കന്‍ ഫെബ്രുവരി 8ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമോ പണം തട്ടിപ്പോ വന്നാല്‍ അവര്‍ എന്താണ് ചെയ്യുക? നേരെ ബിജെപിയില്‍ ചേരുമെന്ന വസുദേവന്‍ കെ യുടെ ട്വീറ്റ് ടോം വടക്കന്‍ മാര്‍ച്ച് 5 ന് റീ ട്വീറ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 10ന് റഫേല്‍ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയും ടോം വടക്കന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍, തികച്ചും വ്യത്യസ്തമായ ആശയങ്ങളുള്ള ബിജെപിയിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ ചുവടുമാറ്റം ദേശീയ രാഷ്ട്രീയത്തില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. 

പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ്‌ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടി. രാജ്യത്തിനെതിരായ നിലപാട്  അംഗീകരിക്കില്ല എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ടോം വടക്കനെ പാര്‍ട്ടിയുടെ ഷാളണിയിച്ചും ബൊക്ക നല്‍കിയും സ്വീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടി അംഗത്വം നല്‍കി. 

കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നും പറയുകയുണ്ടായി. 

തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായ നേതാവായിരുന്നു അദ്ദേഹം. ഇത്തവണയും തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ്‌ വിട്ടതെന്നാണ് സൂചന.