എംഎല്‍എമാരുടെ രാജി; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തേടി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക!!

Last Updated : Jul 2, 2019, 01:06 PM IST
എംഎല്‍എമാരുടെ രാജി; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തേടി ബിജെപി

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക!!

എന്നാല്‍, ഇപ്പോള്‍ നിലനില്‍പ്പ്‌ ഭീഷണി നേരിടുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. 2 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ഇന്നലെ രാജിവച്ചതോടെ ബിജെപി പാളയത്തില്‍ ആകാംക്ഷയും ആഹ്ലാദവും അലയടിക്കുകയാണ്‌. 

കോണ്‍ഗ്രസ്‌ നേതാവും വിജയനഗര്‍ എം.എല്‍.എയുമായ ആനന്ദ് ബി. സിംഗ്, വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ക്കിഹോളിയുമാണ് ഇന്നലെ എംഎല്‍എ സ്ഥാനം രാജിവച്ചത്. കൂടാതെ, എം.എല്‍.എമാരായ ജെ.എന്‍. ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നിവരെ കാണാനുമില്ല. ആദ്യം മുതല്‍ തന്നെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന എം.എല്‍.എമാരാണ് ഇവര്‍. 

അതേസമയം, ആനന്ദിന്‍റെ രാജിയോടെ കോണ്‍ഗ്രസില്‍ വിഘടിച്ചുനില്‍ക്കുന്ന വിഭാഗത്തിലെ എംഎല്‍എമാരും ഇതേമാര്‍ഗം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ വിമതന്‍ രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ സജീവമായ ഇടപെടല്‍ കാരണം താല്‍കാലികമായി പ്രശ്നങ്ങള്‍ അവസാനിച്ചു. എന്നാല്‍ രണ്ട് സ്വതന്ത്രര്‍ക്കു മാത്രം മന്ത്രിസ്ഥാനം നല്‍കി സഭ വികസിപ്പച്ചതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ഇടഞ്ഞത്.

എന്നാല്‍, കര്‍ണാടകത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ബിജെപി പാളയത്തില്‍ കോണ്‍ഗ്രസിലെ രാജി സൃഷ്ടിച്ചിരിക്കുന്ന പ്രതീക്ഷ അതിരറ്റതാണ്. 

അതേസമയം, സര്‍ക്കാര്‍ വീണാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ സ്വയം താഴെ വീഴുകയാണെങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടുമെന്നും വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ താഴെ വീണാല്‍ മാത്രമേ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. തിരഞ്ഞെടുപ്പിന്‍റെ ചോദ്യമേ വരുന്നില്ല. 105 അംഗങ്ങളുടെ പിന്തുണ നിലവില്‍ തന്നെ ഞങ്ങള്‍ക്കുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ താഴെ വീണാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കുണ്ട്”, യെദ്യൂരപ്പ പറഞ്ഞു. 

എന്നാല്‍, സഖ്യ സര്‍ക്കാരിനെ വീഴ്‍ത്താമെന്നത് വെറും പകല്‍ക്കിനാവ് മാത്രമാണെന്ന് മുഖ്യമന്ത്രി എച്ച്‌. ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. 

മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലാണ്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ അറിയുന്നുണ്ടെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. അടുത്ത തിങ്കളാഴ്ചയേ കുമാരസ്വാമി യുസില്‍നിന്നും മടങ്ങിയെത്തൂ. 

ജൂലായ് 12-ന് നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്നിരിക്കെ സര്‍ക്കാരിന് തലവേദനയായി മാറുകയാണ് കോണ്‍ഗ്രസ്‌ എംഎല്‍ മാരുടെ നീക്കങ്ങള്‍. ഒപ്പം ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’  വീണ്ടും രംഗപ്രവേശം ചെയ്യുമോ എന്ന കാര്യവും കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്.
 
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ആനന്ദ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. മെയിലാണ് സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും. ശേഷമാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ പിന്തള്ളി ജെഡിഎസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

 

Trending News