ന്യൂഡൽഹി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിൽ. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നുള്ള വിമാനത്തിൽ 110 ഇന്ത്യക്കാരാണുണ്ടായിരുന്നത്. 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ബാക്കി 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. ഇവരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തിയിരുന്നു. ആദ്യ വിമാനത്തിൽ മലയാളികൾ ഇല്ലെന്ന് നോർക്ക വ്യക്തമാക്കുന്നു.
അതേസമയം ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികളാണ് എംബസിയെ ബന്ധപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവരെയും തിരിച്ചെത്തിക്കാനാകുമെന്നാണ് സൂചന. ഡൽഹിയിൽ തിരിച്ചെത്തിയവർ സർക്കാരിന് നന്ദി പറഞ്ഞ് കൊണ്ടാണ് പുറത്തേക്കെത്തിയത്.
ഇസ്രയേൽ - ഇറാൻ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽനിന്നും ക്വോമിലേക്ക് ഒഴിപ്പിച്ചു. ടെഹ്റാനിൽനിന്നും ചിലർ സ്വമേധയാ വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും തിരികെയെത്തിക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി തുർക്ക്മിനിസ്ഥാൻ്റെയും അസർബൈജാൻ്റെയും പിന്തുണ തേടിയിരിക്കുകയാണ് ഇന്ത്യ.
സംഘർഷം കൂടുതൽ വഷളായാൽ ഇസ്രയേലിൽനിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നേരത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.