പൗരത്വ ഭേദഗതി നിയമം: കലാപത്തിന് പിന്നില്‍ പ്രതിപക്ഷമെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന കലാപത്തിന് പിന്നില്‍ പ്രതിപക്ഷപാര്‍ട്ടികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

Sheeba George | Updated: Jan 16, 2020, 06:26 PM IST
പൗരത്വ ഭേദഗതി നിയമം: കലാപത്തിന് പിന്നില്‍ പ്രതിപക്ഷമെന്ന് അമിത് ഷാ

വൈശാലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന കലാപത്തിന് പിന്നില്‍ പ്രതിപക്ഷപാര്‍ട്ടികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചാരണം വിജയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തുകയാണ്. അതിനാലാണ്, പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ബിജെപി രാജ്യത്തുടനീളം റാലികള്‍ നടത്താന്‍ നിര്‍ബന്ധിതരായത്, അദ്ദേഹം പറഞ്ഞു.

പ്രതിക്ഷ നേതാക്കളുടെ പേരെടുത്തു പറഞ്ഞായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 'രാഹുല്‍ ഗാന്ധി, ലാലു പ്രസാദ്‌ യാദവ്, മമത ബാനര്‍ജീ, കെജ്‌രിവാള്‍, നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മുസ്ലിം സഹോദരങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങള്‍ പൗരത്വ ഭേദഗതി നിയമം എന്താണെന് വായിച്ചു മനസ്സിലാക്കൂ, അദ്ദേഹം പറഞ്ഞു.

കൂടാതെ, ബീഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബീഹാറില്‍ NDAയ്ക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം, പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചതിനെച്ചൊല്ലി ജെഡി(യു)വിനുള്ള അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു. ജെഡി(യു) സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുള്ളത്. ഇതിനിടെ സംസ്ഥാനത്ത് NRC നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ 
പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയുവിന്‍റെ പ്രാതിനിധ്യം സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്.