പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും ആശങ്ക; സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.

Last Updated : Feb 27, 2019, 06:43 PM IST
പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും ആശങ്ക; സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.

പാക് നടപടികളെ അപലപിച്ച യോഗം ശത്രുരാജ്യത്തിന്‍റെ ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും പ്രഖ്യാപിച്ചു. 21 പാര്‍ട്ടികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. രാജ്യം യുദ്ധത്തിന്‍റെ വക്കിലാണെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. 

അതേസമയം, സേനയുടെ ത്യാഗത്തെ രാഷ്ട്രീമായി മുതലെടുക്കാനുള്ള ബിജെപിയുടെ നീക്കത്തെ എതിര്‍ക്കുവാനും യോഗത്തില്‍ തീരുമാനമായി. ഇതില്‍ വിഷമം രേഖപ്പെടുത്തിയ പാര്‍ട്ടികള്‍ രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളെ എതിര്‍ക്കുവാനും തീരുമാനമെടുത്തു.  പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാത്തത് ഖേദേകരമെന്നും 21 പാര്‍ട്ടികള്‍ ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് എതിരായി വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വൈമാനികനെ കാണാതായതുള്‍പ്പെടെയുള്ള നിലവിലെ സംഭവവികാസങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തിയത്. യോഗത്തില്‍ പാക്കിസ്ഥാന്‍റെ നടപടികളെ യോഗം അപലപിച്ചു. ശത്രു രാജ്യത്തിന്‍റെ നീചമായ ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും യോഗം പ്രമേയം പാസാക്കി.

രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുവാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ രാജ്യത്തെയാകെ വിശ്വാസത്തില്‍ എടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടി തയ്യാറാക്കാനായിരുന്നു യോഗം വിളിച്ചതെങ്കിലും പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് എതിരായ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അജണ്ട മാറ്റുകയായിരുന്നു.

 

 

 

Trending News