പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലയിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.   

Last Updated : May 31, 2019, 01:04 PM IST
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഇന്ന് ചേരാനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം.

ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലയിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഈ അഭ്യൂഹങ്ങള്‍ പരന്നത്. 

എന്നാല്‍ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്‌തെന്ന് ശരദ് പവാര്‍ പിന്നീട് അറിയിക്കുകയായിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ ശനിയാഴ്ച യോഗം ചേരുന്നുണ്ട്. 

കോണ്‍ഗ്രസിന് ഇപ്പോള്‍ 52 അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയിലുള്ളത്. എന്നാല്‍ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. എന്‍സിപിക്ക് അഞ്ച് അംഗങ്ങളുണ്ട്. അതിനാല്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു നിന്നാല്‍ പ്രതിപക്ഷ നേതൃപദവി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ ഈ വാര്‍ത്തകളെ അപ്പാടെ തള്ളിയിരിക്കുകയാണ് എന്‍സിപി വക്താവ് നവാബ് മാലിക്. ശരദ് പവാര്‍ രാഹുല്‍ കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ലയെന്ന് അദേഹം പറഞ്ഞു

Trending News