വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചു

പുല്‍വാമ ചാവേറാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്. 

Last Updated : Feb 27, 2019, 05:17 PM IST
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ചാവേറാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്. 

ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ നിരവധി വിമാനത്താവളങ്ങള്‍ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നതിനോടൊപ്പം 8 വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നിവ കൂടാതെ ധര്‍മ്മശാല, ചണ്ഡീഗഢ്, ഡെറാഡൂൺ, അമൃത്സർ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. 

ഈ വിമാനത്താവളങ്ങളില്‍ അറിയിപ്പുണ്ടാകുന്നതുവരെ സാധാരണ യാത്രക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കില്ല. എന്നാല്‍,  ഈ വിമാനത്താവളങ്ങള്‍ വായു സേനയ്ക്കുവേണ്ടി തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മൂന്നു മാസത്തേയ്ക്കായിരുന്നു അടച്ചിടനുള്ള തീരുമാനം.

എന്നാല്‍ ഈ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചിരിയ്ക്കുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാവുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കൂടാതെ വടക്കേ ഇന്ത്യ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ, പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് (Notice to Airmen to alert aircraft pilots of potential hazards along a flight route) ഇന്ത്യ പിന്‍വലിച്ചു. 

എന്നാല്‍ പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇന്ത്യ റദ്ദാക്കി. ഒപ്പം, പാക്കിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകളുടെ വ്യോമപാത പാക്കിസ്ഥാന് മുകളിലൂടെയാണ്.

അതേസമയം, ഇന്ന്, പതിനൊന്നുമണിക്ക് ശേഷം ഈ വിമാനത്താവളങ്ങളില്‍ നിന്ന് ഒരു വിമാനങ്ങളും പറന്നുയര്‍ന്നിട്ടില്ല. ഇവിടേക്ക് വരാനിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.

നിര്‍ദ്ദേശമനുസരിച്ച് മുകളില്‍ പറഞ്ഞ 8 വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചതായി വിസ്താര, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ എയര്‍ലൈന്‍സുകളും അറിയിച്ചിരുന്നു. 

 

Trending News